പാക്കിസ്ഥാനി വിഭവം

‘മുഹ്‌സിൻ, നിനക്ക് ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ മെസ്സേജ് അയക്കാം’

എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം സാഹിദ് ഹുസൈൻ ഭായ് അയക്കുന്ന സന്ദേശമാണിത്. രാത്രി ഒൻപത് മണി ആവുന്നതോട് കൂടി അദ്ദേഹം ഒരു പാത്രത്തിൽ ചോറും ഇറച്ചിയുമെല്ലാം ഉൾപ്പെടുത്തി, നല്ല ഭംഗിയിൽ പച്ചക്കറികൾ കൊണ്ട് അലങ്കരിച്ച പാക്കിസ്ഥാനി വിഭവം എനിക്ക് നൽകും. അദ്ദേഹവും ഭാര്യയും യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്. അദ്ദേഹം സ്റ്റാറ്റിറ്റിക്‌സ് ഡിപ്പാർട്മെന്റിൽ ഗവേഷണ വിദ്യാർത്ഥിയും, ഭാര്യ ഇംഗ്ലീഷിൽ ബിരുദാന്തര ബിരുദവുമാണ്. പാകിസ്ഥാനിലെ ഷിയാ മുസ്ലിം വിഭാഗത്തിൽ പെടുന്നവരാണിവർ. അത്കൊണ്ട് തന്നെ, എല്ലാ വ്യാഴാഴ്ചകളിലും നോമ്പെടുക്കുകയും, പ്രത്യേകം ഭക്ഷണം തയ്യാറാക്കലും ഇവരുടെ പതിവാണ്. എനിക്ക് മാത്രം ഭക്ഷണം നൽകുന്നതിനെ കുറിച്ച് പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്.

‘നീ ഇവിടെ ഒറ്റക്കാണല്ലോ. നിനക്ക് ഹലാൽ ഫുഡ് കിട്ടാൻ പ്രയാസമാണ്. ഞങ്ങൾ ഭക്ഷണമുണ്ടാക്കുമ്പോൾ നിന്നെയും ഉൾപ്പെടുത്തുന്നു എന്ന് മാത്രം’.

ഇതായിരുന്നു അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള മറുപടി. ശെരിക്കും, നമ്മുടെ നാടൻ കോഴിക്കറിയുടെ രുചിയൊക്കെയുള്ള ഈ ഭക്ഷണം എന്റെ ശിഷ്യൻ റിച്ചാർഡിനും വളരെ ഇഷ്ടമാണ്. ഇത് കഴിച്ച് തുടങ്ങിയതിന് ശേഷം അവനും സ്വന്തമായി പാചക പരീക്ഷണങ്ങൾ തുടങ്ങി.

കഴിഞ്ഞ വർഷം ഡോ. ഹുസ്സൈൻ ഭായിയും, ഭാര്യയും, അഞ്ചു വയസ്സുകാരൻ മകൻ മുസ്തഫയും അവരുടെ പഠനം പൂർത്തിയാക്കി ഇസ്‌ലാമാബാദിലേക്ക് മടങ്ങി.

പാകിസ്ഥാനിൽ ഡോ. സാഹിദ് ഹുസൈൻ ജോലി ചെയ്യുന്ന കോളേജിലെ അധ്യാപകനാണ് പ്രിയ സുഹൃത്ത് വാജിദ് അലി. ഞങ്ങളുടെ യൂണിവേഴ്സിറ്റിയിൽ ഹുസ്സൈൻ ഭായിയുടെ അതേ ലാബിൽ തന്നെയാണ് അവൻ ഗവേഷണം നടത്തുന്നത്. ഏകദേശം ഞാനും അലിയും ഒരേ കാലത്ത് ഇവിടെ വന്നവരാണ്. ഒരുപാട് കാര്യങ്ങളിൽ എന്നെ സഹായിച്ചൊരു വ്യക്തികൂടിയാണ് അലി. ആദ്യമായി ഈ നാട്ടിൽ വന്നപ്പോൾ ഒരു സഹോദരനെപ്പോലെ ഓരോ കാര്യങ്ങളും, സ്ഥലങ്ങളുമെല്ലാം നന്നായി മനസ്സിലാക്കി തരുന്നതിൽ അവനെ പ്രത്യേകം അഭിനന്ദിക്കണം. അത്രമേൽ സഹായം ചെയ്തിട്ടുണ്ട്. അതിലുപരി, ചൈനീസ് ക്ലാസ്സിലും മറ്റും ഒരുമിച്ച് പഠിച്ചവരും പരീക്ഷയിൽ പരസ്പരം സഹകരിച്ചവരുമാണ് ഞങ്ങൾ (പ്രത്യേകിച്ച് ചൈനീസ് പരീക്ഷയിൽ!). ഇവിടെ ഒരുപാട് പാക്കിസ്ഥാനികളെ കണ്ടിട്ടുണ്ടെങ്കിലും, സംസാരത്തിലും പ്രവർത്തിയിലും വളരെ സൂക്ഷ്മത പുലർത്തുന്നവരാണ് അലിയും സാഹിദ് ഭായിയും. അത്കൊണ്ട്, അവരുടെ സ്നേഹത്തിനും സൗഹൃദത്തിനുമെല്ലാം കൂടുതൽ വ്യത്യസ്തത തോന്നിയിട്ടുണ്ട്.

കഴിഞ്ഞ വർഷം, അലിയുടെ ജോലി സംബന്ധമായി അവനും നാട്ടിലെ കോളേജും തമ്മിലുള്ള കേസ് കോടതിയിൽ വിജയിച്ചു. അലിക്ക് നഷ്ട്ട പരിഹാരത്തോടെ സ്ഥാനക്കയറ്റം ലഭിച്ചു. കോടതി വിധി പ്രകാരം എത്രയും പെട്ടെന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതിനാൽ അവൻ നാട്ടിലേക്ക് തിരിച്ചു. പിന്നീട് കൊറോണക്കാലമായി. ഓൺലൈനിൽ PhD തീർക്കാൻ ശ്രമിച്ചെങ്കിലും, ഇവിടെ വരാനായിരുന്നു പ്രൊഫെസ്സറുടെ നിർദേശം. അങ്ങനെ ഒരിക്കൽ കൂടി യൂണിവേഴ്‌സിറ്റിയിലേക്ക് അവന് വരേണ്ടി വന്നു. ഇത്തവണ തിരിച്ച് പോകുമ്പോൾ ഹുസൈൻ ഭായിയെ പോലെ ഡോ. വാജിദ് അലിയായിട്ട് വേണം വിമാനം കയറാൻ.

അങ്ങനെ, ഒന്നര വർഷത്തിന് ശേഷം 21 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ പ്രിയ സുഹൃത്ത് അലിയെ വീണ്ടും ഇന്ന് യൂണിവേഴ്സിറ്റിയിൽ വെച്ച് കണ്ടുമുട്ടി. കൂടെ, റിച്ചാർഡ് എടുത്ത ഹുസൈൻ ഭായിയുടെ പാകിസ്ഥാനി വിഭവത്തിന്റെ ഫോട്ടോയും ചേർക്കുന്നു.

പാമ്പും ആമയും എലിയും അവരുടെ ഓമനകൾ

Tags

, ,

2006 മുതൽ അമേരിക്കയിലെ മൃഗസംരക്ഷകയും എഴുത്തുകാരിയുമായ കൊല്ലീൻ പൈഗാണ് വളർത്തുമൃഗങ്ങളുടെ പ്രാധാന്യത്തിനു വേണ്ടി ഒരു ദിനം ആചരിക്കണമെന്ന് ലോകത്തോട് പറഞ്ഞത്. അതിനായി ഏപ്രിൽ 11 തെരഞ്ഞെടുത്തു. സമൂഹത്തിലെ വിവിധ തുറയിലുള്ളവർ എഴുത്തുകാരിയെ പിന്തുണച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം മൃഗങ്ങളെ ദത്തെടുക്കാൻ ആഹ്വാനംചെയ്‌തു. കുറച്ചു വർഷത്തിനകം ഈ ദിനം ഏറെ ശ്രദ്ധയാകർഷിച്ചു. ഇന്ന് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ മൃഗസ്‌നേഹികൾ ഈ ദിനം ദേശീയ വളർത്തുമൃഗ ദിനമായി ആചരിക്കുന്നു. അനാഥമായി നടക്കുകയും, മനുഷ്യരുടെ പീഡനങ്ങൾക്ക് വിധേയരാകേണ്ടി വരികയും ചെയ്യുന്ന മൃഗങ്ങളെ പരിപാലിക്കാനും, അവയ്‌ക്ക് ഭക്ഷണവും മറ്റും ഒരുക്കിക്കൊടുക്കാനും ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നാണ് കൊല്ലീൻ പൈഗിന്റെ ഭാഷ്യം. ഇതുതന്നെയാണ് ഈ ദിനാചരണത്തിന്റെ ആവശ്യകതയും.

നമ്മുടെ നാട്ടിൽ ആന, പട്ടി, പൂച്ച, വിവിധ പക്ഷികൾ എന്നിവയെല്ലാം വീടുകളിൽ വളർത്തുന്നത് സാധാരണമാണ്. ഒരുകാലത്ത് പാമ്പ്, കുരങ്ങ് പോലുള്ളവയെ മനുഷ്യരുടെ നിത്യവേതനത്തിന് വേണ്ടി ഉപയോഗിക്കുന്നത് കാണാൻ കഴിഞ്ഞിരുന്നെങ്കിലും, ഇന്ന് അവ നിയമം മൂലം നിരോധിച്ചിരിക്കുന്നു. ഈ അവസരത്തിൽ നമുക്ക് കൗതുകമാകുന്ന ചില പെറ്റുകളെ കാണാം..

പെരുമ്പാമ്പിനെ വളർത്തുന്ന മാക്സ്

തയ്‌വാനിൽ ബയോസയൻസിൽ ബിരുദ വിദ്യാർഥിനിയാണ് മാക്‌സ്. കുറച്ചു മാസങ്ങളായി അവൾ പെരുമ്പാമ്പിനെ തന്റെ വീട്ടിൽ വളർത്തുന്നു. സാധാരണ വീടിന്‌ പുറത്തേക്കോ കോളേജിലേക്കോ പോകുമ്പോൾ ഒരു പ്ലാസ്റ്റിക് പെട്ടിയിൽ തന്റെ പാമ്പിൻ കുട്ടിയെയും കൊണ്ടുനടക്കുന്നു. വീട്ടിൽ കൂടുതൽ സ്ഥല സൗകര്യത്തോടെ വലിയൊരു പെട്ടിയും, വെള്ളപ്പാത്രവുമെല്ലാം. ആഴ്‌ചയിൽ രണ്ട് എലികളാണ്‌ ഭക്ഷണം. മാക്‌സ്‌ വീട്ടിലോ കോളേജിലോ ആകുന്ന ചില സമയങ്ങളിൽ പാമ്പിനെ തുറന്നുവിട്ട്‌ ഇഴയാൻ അനുവദിക്കും. വിഷമില്ലാത്തത് കൊണ്ടും അപകടകാരിയല്ലാത്തതിനാലും, പാമ്പിനെ കൊണ്ടുനടക്കുന്നതിലും താലോലിക്കുന്നതിലും പ്രശ്നങ്ങളില്ലെന്ന്‌ മാക്‌സ്‌ പറയുന്നു..

ആമകളെ ഇഷ്ട്ടപെടുന്ന വാൻ-ഞ്ഞൂൻ

വിയത്‌നാം സ്വദേശിനിയായ എൻജിനീയറിങ്‌ ബിരുദ വിദ്യാർഥിനി വാൻ-ഞ്ഞൂനിന് ആമകളോടാണ് പ്രിയം. തന്റെ പഠനത്തിനിടയിലും ആമകളുടെ കൂടെ സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു. ഓരോ ദിവസവും അവയെ കുറച്ച് സമയം സ്വതന്ത്രമായി ക്യാംപസിലെ പുൽമേടുകളിൽ തുറന്നുവിടും. അവ ഏതെങ്കിലും മാളത്തിലേക്കോ പൈപ്പിനുള്ളിലേക്കോ പോകുന്നത്‌ തടയാൻ അവൾ ജാഗ്രത കാട്ടും. ആമകളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ തന്റെ മാനസിക പിരിമുറുക്കം ഇല്ലാതാകുമെന്ന്‌ വാൻ സാക്ഷ്യപ്പെടുത്തുന്നു..

ഖാനിന്റെ ആൽബിനോ എലി

ഇന്ത്യക്കാരനായ ഖാൻ ഇഹ്സാനിന്റെ ഓമനയാണ് ബബ്ലു എന്ന ഒന്നര വയസ്സുകാരൻ ആൽബിനോ എലി. പകൽ സമയങ്ങളിൽ ഉറക്കവും വൈകുന്നേരം കൂടുതൽ ഉന്മേഷവാനുമായ ഈ മൂഷികൻ വെജിറ്റേറിയനാണ്. ചോക്ലേറ്റും ഫലങ്ങളുമെല്ലാം കഴിക്കും. രാത്രി ഏഴോടെ ഒച്ചപ്പാടുണ്ടാക്കി സജീവമാകുന്ന ബബ്ലുവിന് കളിപ്പാട്ടങ്ങൾക്കിടയിലൂടെ ഓടിക്കളിക്കാനാണിഷ്‌ടം.

ജീവശാസ്ത്ര ലാബുകളിൽ പരീക്ഷണങ്ങൾക്ക് വിവിധ ജീവജാലങ്ങളെ ഉപയോഗിക്കുന്നു. കുരങ്ങ്, പെരുച്ചാഴി, എലി, മുയൽ, വവ്വാൽ പോലുള്ളവയും ഹൈഡ്ര, വിവിധ വിരകൾ, ഈച്ച, സീബ്രാഫിഷ് പോലുള്ള ചെറിയ ജീവികളെയുമെല്ലാം വളരെ കരുതലോടെ വളർത്തുന്നു. എങ്കിലും അവയെ തങ്ങളുടെ പഠനത്തിനുപയോഗിക്കുന്നവ എന്നതിലുപരി അമിത സ്നേഹപ്രകടനങ്ങളോ ആത്മബന്ധങ്ങളോ പാടില്ലെന്നാണ് പൊതുതത്വം. അവയ്‌ക്ക് ഭക്ഷണം, വെള്ളം, നല്ല രീതിയിലുള്ള ചുറ്റുപാടുകൾ എന്നിവ ഉറപ്പു വരുത്തുന്നുണ്ടെങ്കിലും നിശ്ചിത സമയം മാത്രമേ അവയ്‌ക്ക് ആയുസ്സുണ്ടാകാറുള്ളൂ.

ദേശാഭിമാനി വാരാന്തപ്പതിപ്പ് (11/04/2021)

കോവിഡ് ടെസ്റ്റിനെത്തുന്ന മുഖങ്ങൾ

Tags

, , , , ,

അറുപത്തിയഞ്ചിനോടടുത്ത് പ്രായമുള്ള അയാൾ രാവിലെ തന്നെ ലാബിനു മുമ്പിലെത്തി. രണ്ട് ദിവസം മുമ്പ് പനിയുണ്ടായിരുന്നു. ഇപ്പോൾ ശരീര വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊറോണയുണ്ടോ എന്നൊരു സന്ദേഹത്തിലാണ്‌ ഈ വരവ്. വീട്ടിൽ ചെറിയ കുട്ടികളുള്ളതിന്റെ ബേജാറും ആ മുത്തച്ഛനിലുണ്ട്. ഏകദേശം എട്ടര മണിയോട് കൂടി അദ്ദേഹത്തിന്റെ മൂക്കിൽ നിന്നും ഷമീം ദ്രവമെടുത്തു. വളരെ സൂക്ഷ്മതയോടെ അവൻ ‘റാപിഡ് ആന്റിജൻ കിറ്റിലെ ബഫറിൽ ചേർത്ത് കാർഡിലേക്ക് ഒഴിച്ചു. ഒട്ടും അമാന്തിക്കേണ്ടി വന്നില്ല. നിമിഷങ്ങൾക്കുള്ളിൽ ചുവന്ന നിറത്തിലുള്ള പോസിറ്റീവ് വര തെളിഞ്ഞു വന്നു.

മുകളിലത്തെ നിലയിൽ നിന്ന് ഞാൻ പ്രാതൽ കഴിച്ച് വന്നപ്പോഴേക്കും രോഗിയോട് ഈ വിവരം പറയേണ്ട സമയമായി. പോസിറ്റീവ് ആണെന്ന് കേട്ടതും, പെട്ടെന്ന് കേരള സർക്കാരിന്റെ ലാബ്‌സിസ് (labsys) വെബ്‌സൈറ്റിൽ ആ മനുഷ്യന്റെ പേരും മേൽവിലാസവും പഞ്ചായത്തുമെല്ലാം ഉൾക്കൊള്ളുന്ന വിശദ വിവരങ്ങളോടൊപ്പം ആധാർ നമ്പറും കൊടുത്തു. ശേഷം റിസൾട്ടിന്റെ പകർപ്പ് വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത്, ഒപ്പിട്ടതിന് ശേഷമാണ് അദ്ദേഹത്തെ കാണേണ്ടതും ഈ വിവരങ്ങൾ പറയേണ്ടതും. റിസൾട്ട് പേപ്പറിൽ സീൽ അടിച്ചതിന് ശേഷം അയാളെ കാണാനായി ലാബിന് പുറത്തിറങ്ങി. വളരെ പക്വതയോടെ, സാമൂഹിക പ്രതിബദ്ധതയോടെ ആ മനുഷ്യൻ ആളുകളാരുമില്ലാത്ത ചീനി മരത്തിനു ചുവട്ടിൽ നിൽക്കുന്നു. ഒരു വിദ്യാർത്ഥി പരീക്ഷാഫലം കാത്തിരിക്കുന്ന ആകാംഷയോടെ, അയാൾ തന്റെ ടെസ്റ്റിന്റെ ഫലം നോക്കി നിൽക്കുന്നു. ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടണുകൾ അഴിച്ചിട്ടിട്ടുണ്ടെങ്കിലും, കയ്യിലെ സിഗരറ്റിൽ നിന്നും പുക വരുന്നുണ്ട്. നേരെ അദ്ദേഹത്ത ലക്ഷ്യം വെച്ച് ലാബിന്റെ വലതു ഭാഗത്തെ ചീനി മരത്തിനു ചുവട്ടിലേക്ക് നടന്നു. ശേഷം;

‘നിങ്ങളല്ലേ ? വയസ്സ് 63 ല്ലേ?’

‘ആ.. അത് ഞാനാണ്’

‘നിങ്ങളെന്തിനാണ് ഇന്ന് ടെസ്റ്റ് നടത്തിയത്? എന്തെങ്കിലും ലക്ഷണങ്ങളുണ്ടായിരുന്നോ?’

‘രണ്ടീസം മുന്നെ പനിച്ചിനു.. ഇപ്പൊ കൊയപ്പല്ല. ഇപ്പം മേല് വേദന ഇണ്ട്. കുടീല് കുട്ടിയാളൊക്കെ ഇള്ളതോണ്ട് വന്നതാണ്’

‘ആ… ഇങ്ങള് മാസ്ക് ശെരിക്ക് ഇടീട്ടോ.. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണ്. അതാ ഞാൻ ചോദിച്ചത്.’

‘അപ്പൊ ഇച്ച് കൊറോണ ഇണ്ടോ?’

‘ആ.. ഒന്നും പേടിക്കണ്ട.. ഞങ്ങൾ ഈ വിവരം നിങ്ങളുടെ പഞ്ചായത്തിൽ സർക്കാരിന്റെ വെബ്സൈറ്റ് വഴി അറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നിങ്ങളെ വിളിക്കും. ഒന്നും പേടിക്കാനൊന്നും ഇല്ല.’

‘പേടിയൊന്നും ഇല്ല. ഞാൻ ഇബടെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിലന്നെ ആണ് താമസം. ഇഞ്ഞി ഇപ്പൊ ഞാൻ എന്താ ചെയ്യ?’

‘കുഴപ്പമൊന്നും ഇല്ല. കുറച്ച് ദിവസം ആരുമായും സമ്പർക്കമുണ്ടാവരുത്. പ്രത്യേകിച്ച് വീട്ടിൽ എല്ലാവരുമായി അകലം പാലിക്കുക. നന്നായി ഭക്ഷണം കഴിക്കുക. ഏതായാലും ഒരാഴ്ച്ച കഴിയുമ്പോൾ എല്ലാം ശെരിയാവും . അതുവരെ സമ്പർക്കം ഉണ്ടാവരുത്. നിങ്ങൾക്ക് അസുഖങ്ങൾ എന്തെങ്കിലും ഇണ്ടോ? ശ്വാസമുട്ടലോ, അല്ലെങ്കിൽ വേറെന്തെങ്കിലും?’

‘അങ്ങനൊന്നും ഇല്ല..’ ‘എങ്കിൽ ഒരു പേടിയും വേണ്ട.. പതിനാല് ദിവസം കഴിഞ്ഞു ഇവിടെ വന്ന് ടെസ്റ്റ് ചെയ്‌താൽ മതി. വീട്ടിൽ ബാത്ത് റൂം അറ്റാച്ഡ് മുറി ഉണ്ടെങ്കിൽ അവിടെ ഇരുന്നാൽ മതി. ഒരു ടെൻഷനും വേണ്ട. നന്നായി ഭക്ഷണം കഴിക്കുക..വിശ്രമിക്കുക’

‘അതിണ്ട്.. ബാത്രൂം ഇള്ള റൂമൊക്കെ ഇണ്ട്. ഞാൻ എന്ത് ഭക്ഷണാണ് കഴിക്ക ?’

‘നിങ്ങൾക്ക് എല്ലാ തരം ഭക്ഷണങ്ങളും കഴിക്കാം… ഇറച്ചിയും ബിരിയാണിയും ജൂസും ഫ്രൂട്സും ഉണ്ടല്ലോ…. എല്ലാം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു തരും. ഞങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പർ അവർക്ക് നൽകിയിട്ടുണ്ട്. അവർ വിളിക്കുമ്പോൾ വിറ്റാമിൻ ഗുളിക കഴിക്കേണ്ടതും, വീട്ടിൽ ശ്രദ്ദിക്കേണ്ട കാര്യങ്ങളുമെല്ലാം വ്യക്തമായി മനസ്സിലാക്കി തരുന്നതാണ്. നിങ്ങൾ അതെല്ലാം ശ്രദ്ധിച്ചാൽ മതി.’

‘ഇച്ച് മധുരം പറ്റൂല.. പ്രമേഹണ്ട്.. അപ്പൊ ജൂസും ഫ്രൂട്സും കഴിക്കാൻ പറ്റൂല. അപ്പൊ ഞാനെന്താ ചെയ്യാ?’

‘എന്നാൽ നിങ്ങൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെ കഴിച്ചാൽ മതി’

‘ഇന്നാലും ഇങ്ങക്ക് അറീലെ.. ഇങ്ങള് പറയി ഞാൻ എന്ത് ഫുഡ് ഒക്കെയാണ് കഴിക്ക. ഇങ്ങള് ഇതേ പോലെ കുറെ രോഗികളെ കാണുന്നതല്ലേ..’

‘അതെല്ലാം ആരോഗ്യ വകുപ്പേര് പറയും.. നിങ്ങൾ വീട്ടിൽ എത്തുമ്പോഴേക്കും അവർ വിളിക്കും.. ഒന്നും വിഷമിക്കേണ്ട ‘

‘ആ ..ആ..’

‘നിങ്ങളുടെ കൂടെ ആരാണ് വന്നത്? എങ്ങനെയാണ് ഇവിടെ വന്നത്?’

‘ആരും വന്നിട്ടില്ല.. ഞാൻ ബസ്സിനാണ് വന്നത്.’

‘ബസ്സിനോ? അപ്പോൾ ഇനി എങ്ങനെ വീട്ടിൽ പോകും?’

‘അതന്നെ ഞാനും ആലോയ്ക്കിണത്.. ഞാനിപ്പോ എങ്ങനെ കുടീക്ക് പോക?!’

‘എങ്കിൽ വീട്ടിൽ നിന്നും ആരോടെങ്കിലും ബൈക്കിൽ വരൻ പറയൂ..അവരുടെ കൂടെ പോകാമല്ലോ..’

‘അയിന് അവടെ ആരും ഇല്ല…’

‘എന്നാൽ ഇവിടെ നിന്നും ഒരു ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ പോകുന്നതാണ് നല്ലത്.. നന്നായി മാസ്ക് ഇടുക.. പിന്നെ ഓട്ടോക്കാരനോട് കൂടുതൽ സംസാരിക്കേണ്ട. വീട്ടിലെത്തിയിട്ട് പൈസ കൊടുക്കുമ്പോൾ ഈ കാര്യം പറയണം. പിന്നെ, അയാളോട് സാനിറ്റൈസർ ഉപയോഗിക്കാനും, ശെരിക്ക് നന്നായി കൈ കഴുകാനും പറയണം ട്ടോ…’

‘ആ..’ ‘ഇതാണ് നിങ്ങളുടെ ടെസ്റ്റ് റിപ്പോർട്ട്… എല്ലാം ശ്രദ്ദിക്കണം.. ആരോഗ്യവകുപ്പേര് വിളിക്കും…’

‘ആ.. ഓക്കേ..’

അങ്ങനെ ആ മനുഷ്യനോട് സംസാരം അവസാനിപ്പിച്ച് ലാബിനുള്ളിലേക്ക് തിരിഞ്ഞു നടന്നു. പെരിന്തൽമണ്ണ സുതാര്യ ഹെൽത്ത് കെയറിലെ കോവിഡ് ലാബിൽ ജോലി ചെയ്ത ഓരോ ദിവസവും ഇത്തരം ആളുകളോട് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിലർ വീട്ടിലേക്ക് പോകാൻ മടിക്കുന്നവരുണ്ട്, മറ്റു ചിലർ നാട്ടുകാരുടേയും അയൽവാസികളുടേയും മുമ്പിൽ കോവിഡ് രോഗം പിടിപെട്ടത് ഒരു കുറച്ചിലായി കാണുന്നവരുണ്ട്. അവർ ടെസ്റ്റ് റിപ്പോർട്ട് രഹസ്യമാക്കി വെക്കാനും, സർക്കാർ വെബ്സൈറ്റിൽ കൊടുക്കാതിരിക്കാനും പറ്റുമോ എന്ന് ചോദിക്കും. ഏറെയും വലിയ വിദ്യഭ്യാസ യോഗ്യതയുള്ളവരാണ് ഇക്കൂട്ടർ. പക്ഷെ, അത് ഒരിക്കലും ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല എന്ന വസ്തുത തുറന്ന് പറയും..

ഇനിയുമുണ്ട് കുറേ ആളുകൾ… വിവിധ തരത്തിലുള്ള സാഹചര്യങ്ങൾ.. വീടിന്റെ തേപ്പ് പണിക്ക് പോകുന്നതിനിടയിൽ കൂടെയുള്ള ജോലിക്കാരന് പോസിറ്റീവ് ആയതിനാൽ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നവർ, ഗർഭിണിയുടെ കൂടെ ആശുപത്രിയിൽ നിൽക്കാൻ വേണ്ടി ടെസ്റ്റ് നടത്തുന്നവർ, ഗൾഫിലേക്ക് പോകാൻ ടിക്കറ്റ് എടുത്തതിന് ശേഷം പോസിറ്റീവ് ആയവർ, പ്രമുഖ സ്വർണക്കടയിലേയും മെഡിക്കൽ ലാബിലേയുമെല്ലാം ജോലിക്കാർക്ക് രോഗം വന്നത്, കല്യാണ ദിവസം കുടുംബത്തിലെ ഒട്ടുമിക്ക ആളുകൾക്കും കൊറോണ ബാധിച്ചത്, ആദ്യം തനിക്ക് ഉണ്ടാവുകയും അത് വീട്ടിലെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്ത ശേഷം വീണ്ടും ആ വ്യക്തിക്ക് തന്നെ കൊറോണയുണ്ടായ സംഭവം, ഏറെ പണച്ചെലവുള്ള കീമോതെറാപ്പിക്ക് പോകാൻ വേണ്ടി ഓരോ ആഴ്ചയിലും ടെസ്റ്റ് നടത്തേണ്ടി വന്ന പാവങ്ങൾ, സാധാരണ പനിയായിരുന്നാലും ആദ്യം കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വാങ്ങി ഡോക്ടറെ കാണാൻ വരുന്നവർ, ജോലിക്കിടയിൽ രോഗം പിടിപെട്ട പോലീസുകാരനും ഹെൽത്ത് ഇൻസ്പെക്ടറും, ക്വാറന്റൈൻ പിരീഡ് കഴിഞ്ഞിട്ടും രോഗം മാറാത്തവർ, രുചിയും മണവും മാത്രം കിട്ടാതെ വരുന്നവർ, അന്യ സംസ്ഥാനത്ത് നിന്നും വന്ന് വീട്ടിലേക്ക് കയറാൻ വേണ്ടി ടെസ്റ്റ് നടത്തുന്നവർ, എയർപോർട്ടിൽ നിന്നും പെട്ടികളുമായി ടെസ്റ്റിന് വരുന്നവരെല്ലാം ഇക്കൂട്ടത്തിൽ സുപരിചിതമാണ്.

ഇപ്പോൾ, നാട്ടിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഇനി മുതൽ രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യതയുണ്ട്. മുമ്പ് രോഗമുണ്ടായിരുന്നവർ പോലും ചിലപ്പോൾ മറച്ചു വെച്ചിരിക്കാം. അതിനാൽ, രോഗ ലക്ഷണങ്ങളുള്ളവർ പെട്ടെന്ന് തന്നെ അടുത്തുള്ള കേന്ദ്രങ്ങളിൽ പോയി ടെസ്റ്റ് നടത്തുക. നമുക്കുണ്ടായാലും മറ്റുള്ളവർക്ക് പകർത്താതിരിക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്..!

കുഞ്ഞുവീടുകളുടെ ശിൽപ്പി

ഏതൊന്നിന്റെയും വലുപ്പം ആരിലും കൗതുകം നിറയ്‌ക്കുന്നതാണ്. ബുർജ് ഖലീഫയും വിരൽത്തുമ്പിൽ ഒതുങ്ങുന്ന ഓന്തുമൊക്കെ നമ്മിലെ ആ കൗതുകത്തെ പങ്കുവയ്‌ക്കുന്നതാണല്ലോ. ഇവിടെയൊരാൾ കൂറ്റൻ വീടുകളെ കു‍ഞ്ഞുവീടിന്റെ കൗതുകത്തിലേക്ക് ഒതുക്കിയിരിക്കുന്നു തനിമ ചോരാതെ. ജെറി വെൽചിൻ എന്ന ഈ ബ്രീട്ടീഷ് കലാകാരനെ കഴിഞ്ഞദിവസം തയ്‌വാനിലെ ചങ് യാൻ ക്രിസ്‌ത്യൻ യൂണിവേഴ്സിറ്റിയിലാണ് കണ്ടത്, ഹ്രസ്വരൂപങ്ങളുടെയും കുഞ്ഞുവീടുകളുടെയും പ്രദർശനവേദിയിൽ. അമേരിക്കൻ–-യൂറോപ്യൻ വാസ്‌തുകലകളുടെ കമനീയതയും ആകർഷണീയവും ഒത്തിണങ്ങിയ സൃഷ്ടികൾ. രണ്ടുവർഷത്തെ കഠിനപരിശ്രമത്തിനൊടുവിൽ, യൂണിവേഴ്സിറ്റിയിലെ ആർട്ട്‌ സെന്ററിൽ ഇവ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതിന്റെ സന്തോഷത്തിൽ അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് വാചാലനായി.

ചെറുതിന്റെ ആദിരൂപം
ബ്രിട്ടീഷുകാരനായ അച്ഛന്റെയും സിറിയക്കാരിയായ അമ്മയുടെയും മകനായി ലണ്ടനിലാണ് ജെറിയുടെ ജനനം. ചെറുപ്രായത്തിലേ വിമാനങ്ങളോടും ഹെലികോപ്റ്ററുകളോടുമുള്ള താൽപ്പര്യത്താൽ ഏറോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. 15 വയസ്സുമുതലേ വിമാനങ്ങളുടെ ചെറുരൂപങ്ങൾ ഉണ്ടാക്കുന്നതിലായിരുന്നു കമ്പം. ആരും പ്രോത്സാഹിപ്പിച്ചിരുന്നില്ല, പക്ഷേ, ജെറി ഉണ്ടാക്കുന്ന ഉപകരണങ്ങളെല്ലാം അമ്മയ്‌ക്ക്‌ ഇഷ്ടമായിരുന്നു. ബിരുദ പഠനത്തോടെയാണ് കൂടുതൽ മികച്ച രീതിയിൽ ഈ കലാരൂപങ്ങൾ നിർമിക്കാമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ 35 വർഷത്തിനിടെ ഒരുപാട് കുഞ്ഞുവീടുകൾക്ക് ശിൽപ്പിയായി. ഇന്റർനെറ്റിലും സിനിമയിലുമൊക്കെ കാണുന്ന വീടുകളുടെയും മറ്റും രൂപങ്ങൾ നിരീക്ഷിച്ച് അവ ത്രിമാന രൂപത്തിലാക്കുന്നതാണ് രീതി. കാർഡ്‌ ബോർഡുകളും മരക്കഷണങ്ങളും പശയും ഉപയോഗിച്ചു നിർമിക്കുന്ന ഇവയിൽ കൊത്തുപണികളും ചിത്രപ്പണികളും ഉണ്ടെന്നത് അദ്ദേഹത്തിന്റെ വൈഭവം വിളിച്ചോതുന്നു. യഥാർഥ കെട്ടിടങ്ങളെ ഓർമിപ്പിക്കുവിധം വൈദ്യുതിവിളക്കുകളും ഘടികാരങ്ങളും എല്ലാമുണ്ട്.

ഡോൾ ഹൗസുകളും ഹ്രസ്വരൂപങ്ങളും
ആറുമുതൽ എട്ട് ആഴ്‌ചവരെ നീളുന്ന പ്രയത്നത്തിലാണ് ഓരോ രൂപവും ഉരുവാകുന്നത്. ഹാരി പോട്ടർ സിനിമയിലെ ഡയഗൻ അല്ലി സ്ട്രീറ്റിലെ കെട്ടിടങ്ങൾ നിർമിക്കാൻ പക്ഷേ, ഏറെ സമയമെടുത്തു. വ്യത്യസ്‌ത വലുപ്പത്തിലും നീളത്തിലുമുള്ള കെട്ടിടങ്ങൾക്കുള്ളിൽ മേശ, സോഫ, ഗോവണികൾ, വൈദ്യുതി വിളക്കുകൾ, കട്ടിലുകളും വസ്‌ത്രങ്ങളും കർട്ടണുകളുമുള്ള കിടപ്പുമുറികൾ എന്നുതുടങ്ങി ചുവർചിത്രങ്ങൾവരെ അടയാളപ്പെടുത്തിയിട്ടുണ്ട്. കതകിനുള്ളിലൂടെയും ജനൽ ചില്ലുകളിലൂടെയും അകം വിശദമായി കാണാൻ സാധിക്കുംവിധമാണ് ക്രമീകരണം. ഒരു മീറ്ററിൽ കൂടുതൽ ഉയരമുള്ള രൂപങ്ങളുമുണ്ട്.

വിവിധ രാജ്യങ്ങളിലെ കുഞ്ഞുവീടുകളും ഇതിലുണ്ട്. ലണ്ടനിലെ വിക്ടോറിയൻ നഗരത്തിലെ കെട്ടിട സമുച്ചയങ്ങളും അമേരിക്കയിലെ ശീതകാല കോട്ടേജുകളും യൂറോപ്പിലെ മോഡേൺ ഗ്ലാസ്‌ വില്ലകളും മെർലിൻ അപ്രന്റിസ് ഇംഗ്ലീഷ് സീരിയലിലെ പഴയകാല ശേഷിപ്പുകളും കടൽത്തീര വസതികളും കൂടുതൽ കൊത്തുപണികളടങ്ങിയ കൊട്ടാര സദൃശമായ സമുച്ചയങ്ങളുമെല്ലാം കാഴ്‌ചക്കാരിൽ കൗതുകവും സന്തോഷവും നിറയ്ക്കും.

തായ്‌വാനിലെ ഒഴിവുകാലം
സിംഗപ്പുർ സ്വദേശിയായ ഭാര്യയോടൊപ്പം ആറു വർഷമായി ജെറി തയ്‌വാനിലെ ചോങ്ഗ്ലി ജില്ലയിലാണ് താമസം. ഒഴിവുസമയങ്ങളിൽ കൂടുതൽ ഡോൾ ഹൗസുകൾ നിർമിക്കുന്നു. നിർമാണരീതി വീഡിയോയിൽ പകർത്തുന്നുമുണ്ട്. ആവശ്യക്കാർക്കും ആർക്കിടെക്ചർ വിദ്യാർഥികൾക്കും ഈ ഡിവിഡി ഇന്റർനെറ്റിലൂടെ സ്വന്തമാക്കാം. തയ്‌വാൻ സ്വദേശികൾ ഈ സൃഷ്ടികൾക്ക് നൽകുന്ന സ്വീകാര്യത ചെറുതല്ലെന്ന് ജെറി പറയുന്നു. “അവർ വലിയ ആസ്വാദകരാണ്. അതോടൊപ്പം പലരും പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാനും തെരഞ്ഞെടുക്കുന്നുണ്ട്. ഓരോരുത്തരുടെയും അഭിരുചിക്ക്‌ അനുസരിച്ച് ഇവ നിർമിച്ചുനൽകും. കലാബോധമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കാൻ ഞാനും പ്രതിജ്ഞാബദ്ധനാണല്ലോ-‘–- ജെറി കൂട്ടിച്ചേർക്കുന്നു.

വെജിറ്റേറിയൻ റെസ്റ്റോറന്റ്

Tags

, , , , , , , , , ,

ചോങ്ഗ്ലി ജില്ലയിൽ ഡാരൻ സ്ട്രീറ്റിലെ വിരലിലെണ്ണാവുന്ന വെജിറ്റേറിയൻ കടകളിലൊന്നാണ് മിസ്സിസ് വാങ്ങിന്റെ പച്ച നിറത്തിലുള്ള റെസ്റ്റോറന്റ് (ചൈനീസ് പേര് വായിക്കാനായില്ല!). നാട്ടിലെ പോലെ തന്നെ പാചകം ചെയ്ത വിവിധ പച്ചക്കറി, ഇല വിഭവങ്ങളോടൊപ്പം മുട്ടയും ഇവിടെ കിട്ടും. എല്ലാ വിഭവങ്ങളും റെസ്റ്റോറെന്റിന്റെ ഒരു ഭാഗത്ത് വിവിധ പാത്രങ്ങളിൽ വെച്ചിരിക്കുന്നു. ആവശ്യക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ എടുത്തതിന് ശേഷം ഭക്ഷണത്തിന്റെ തൂക്കത്തിനനുസരിച്ച് പണം നൽകിയാൽ മതി. മധുരമുള്ളതും, മധുരമില്ലാത്തതുമായ രണ്ട് തരത്തിലുള്ള ചൈനീസ് സൂപ്പുകളും ഇവിടുണ്ട്. കാലാവസ്ഥക്ക് അനുസരിച്ചാണ് ഇവയുടെ ക്രമീകരണങ്ങൾ. മധുരമില്ലാത്ത സൂപ്പ് എപ്പോഴുമുണ്ടാവും. എന്നാൽ മധുരമുള്ളവ ചൂട് കാലത്ത് ഐസിട്ട് തണുപ്പിക്കുകയും, തണുപ്പ് കാലത്ത് ചൂടോടെ നൽകുകയും ചെയ്യുന്നു. നൂഡിൽസിന്റെ കാര്യം പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ!.

സാധാരണ തായ്‌വാനികൾ ചോറ് കഴിക്കുന്നത് വളരെ കുറവാണ്. കൂടുതലും നൂഡിൽസ് പോലുള്ളവയാണ് അവർക്ക് താല്പര്യം. അതിലുപരി, ഈ കടയിലൊക്കെ കയറിയാൽ കൂടുതലും പച്ചക്കറി വിഭവങ്ങൾ മാത്രം കഴിക്കുകയും, ഒരു ചെറിയ പാത്രത്തിൽ കുറച്ചു ചോറ് കഴിച്ച് പോകുന്നതായാണ് പതിവ്. നാട്ടിലെ പോലെ വെളുത്ത നിറത്തിലുള്ളതും, ഒരു തരം കാപ്പി നിറത്തിലുള്ളതുമായ (മട്ട അരി അല്ലാട്ടോ!) ചോറും, അവയുടെ കൂടെ നാടൻ കഞ്ഞിയുമെല്ലാം കടയുടെ വേറൊരു മൂലയിൽ വെച്ചിട്ടുണ്ട്. ഒരു പാത്രം ചോറിനു 10 NTD -യാണ് ഇവിടുത്തെ വില.

ആദ്യകാലത്ത് ഈ 10 NTD വില ചോറിന് കൊടുക്കുന്നതിനെക്കുറിച്ച് എനിക്ക് ധാരണയൊന്നുമുണ്ടായിരുന്നില്ല. എനിക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ എടുത്ത് തൂക്കിനോക്കിയതിന് ശേഷം അവർ പറയുന്ന പണം കൊടുത്താണ് ശീലം. അങ്ങനെ, ഓരോ ദിവസവും ഉപകരണത്തിൽ കാണിക്കുന്ന വിലയേക്കാൾ പത്ത് ഡോളർ കൂടുതൽ വാങ്ങിക്കുന്നത് ഞാൻ ശ്രദ്ദിച്ചു. സാധാരണ തായ്‌വാനികൾ ആരെയും പറ്റിക്കാറില്ല. എങ്കിലും ഇനി അവരെങ്ങാനും എന്നെ പറ്റിച്ചതാണോ എന്നറിയാൻ പിറ്റേന്ന് ഞാൻ ഇതേക്കുറിച്ച് അവരോട് സംസാരിച്ചു. അന്നാണ് ഈ ചോറിന് പ്രത്യേകം പണം നൽകുന്ന കാര്യം മനസ്സിലായത്.

പിന്നെ ഞാൻ ആ പാവത്തിനോട് ഒന്നും ചോദിക്കാനും പറയാനും നിന്നില്ല. കാരണം, വെറും ഒരു പ്ലേറ്റിന് കൊടുക്കുന്ന 10 NTD നൽകി മൂന്നാല് പ്ലേറ്റ് ചോറ് തട്ടുന്ന എന്നെ സഹിക്കുന്ന അവരെ സമ്മതിക്കാതെ തരമില്ലല്ലോ 😂😅

എന്തായാലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ മിസ്സിസ് വാങ്ങിന്റെ കടയിലാണ് കൂടുതലും പോവാറുള്ളത്.