Tags

, , , , , , , ,

Thangall
നവരാശിക്ക് പ്രപഞ്ച സ്രഷ്ടാവ് നല്‍കിയ കാരുണ്യമാണ് പരിശുദ്ധ പ്രവാചകന്‍. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതന്‍. കാരുണ്യം നഷ്ടപ്പെടുകയും ക്രൂരത ശക്തിപ്പെടുകയും ചെയ്യുന്ന പുതുലോകത്ത് പ്രവാചക പാഠങ്ങളുടെ പ്രസക്തി വിളംബരം ചെയ്യുകയാണ് റബീഉല്‍ അവ്വല്‍. മനുഷ്യര്‍ക്കു മാത്രമല്ല, സര്‍വ ചരാചരങ്ങള്‍ക്കും അനുഗ്രഹമായാണ് അല്ലാഹു മുഹമ്മദ് നബി(സ)യെ അയച്ചിട്ടുള്ളത്. ‘ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല’ എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ ഇത് വ്യക്തമാക്കുന്നുണ്ട്. അന്ധതയും അനാചാരവും കൊടികുത്തിവാണിരുന്ന അറേബ്യന്‍ സമൂഹത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് മനുഷ്യത്വത്തിന്റെ പ്രകാശംപരത്തിയാണ് തിരുനബി കടന്നുവന്നത്.
 
താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ വിശ്വാസത്തിലെടുക്കാന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ പ്രവാചകനു സാധ്യമായി. അല്ലാഹുവിന്റെ മാലാഖമാര്‍ സംസ്‌കരിച്ചെടുത്ത ഹൃദയത്തില്‍ നിന്ന് പുറത്തേക്കൊഴുകിയ അമൂല്യമായ അറിവും ആര്‍ദ്രതയും കൊണ്ടാണ് ശൂന്യമായ ഒരു സമൂഹത്തെ പ്രവാചകന്‍ സംസ്‌കാര സമ്പന്നമാക്കിയത്. അസത്യത്തെയും അനീതിയെയും അധര്‍മത്തെയും കുഴിച്ചുമൂടി, ലോകത്ത് തുല്യതയില്ലാത്ത പരിവര്‍ത്തനം നടത്തി.
 
സാമൂഹിക രംഗത്ത് നിലനിന്ന അസമത്വത്തിന്റെയും അരാജകത്വത്തിന്റെയും വേരുകള്‍ പിഴുതെറിയാനാണ് മുഹമ്മദ് നബി (സ) ആദ്യം ശ്രമിച്ചത്. ജീവിതാസ്വാദനത്തിന്റെ ലഹരിയില്‍ മതിമറന്നവര്‍ മനംമാറി. മാതാവിനെയും സഹോദരിമാരെയും തിരിച്ചറിയാതിരുന്ന അശ്ലീലതയുടെ അരാചകത്വത്തിന് അതോടെ അറുതി വന്നു. നിസ്സാര കാരണങ്ങളാല്‍ പതിറ്റാണ്ടുകളോളം പോരടിച്ചവരെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പട്ടുനൂലില്‍ കോര്‍ത്തിണക്കി. സൗമ്യമായ സ്വഭാവവും പെരുമാറ്റവും കൊണ്ടാണ് അറേബ്യയിലെ സര്‍വ ജനങ്ങളുടെയും ഹൃദയത്തില്‍ പരിശുദ്ധ പ്രവാചകന്‍ ഇടം നേടിയത്. പ്രവാചകത്വത്തിനു മുമ്പേ നിറയൗവനത്തില്‍ തന്നെ തദ്ദേശീയര്‍ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന വിശേഷണം നല്‍കി.
 
ഗോത്രമഹിമയില്‍ അഹങ്കരിക്കുന്നവരുടെ ജീര്‍ണതകളെ ചോദ്യം ചെയ്തപ്പോള്‍ പോലുമില്ലാത്ത എതിര്‍പ്പിന്റെ കുന്തമുനകളാണ് അല്ലാഹുവിന്റെ അസ്തിത്വത്തെയും ഏകത്വത്തെയും കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ ഉയര്‍ന്നുവന്നത്. അല്ലാഹുവിന്റെ ഏകത്വമെന്ന മഹിതമായ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍ പിറന്ന നാട് ഉപേക്ഷിച്ച് വേദനാപൂര്‍വം പലായനം ചെയ്തു. ചുട്ടുപഴുത്ത മരുഭൂമിയും പാറക്കെട്ടുകളും താണ്ടി നൂറുകണക്കിനു നാഴികകള്‍ പിന്നിട്ട പ്രവാചകനും സംഘവും ദാഹവും വിശപ്പും ശത്രുക്കളുടെ വേട്ടയാടലുമെല്ലാം ആദര്‍ശത്തിനായി സഹിച്ചു. എന്നാല്‍ ഒരു കാലത്തും പ്രവാചകന്‍ അവരോട് ഇതിനു പ്രതികാരം ചെയ്തില്ല. മക്കയും മദീനയും സ്വന്തം അധികാര പരിധിയില്‍ വന്ന സമയത്ത് അവരോടെല്ലാം അനുകമ്പ മാത്രമാണ് പ്രവാചകന്‍ പുലര്‍ത്തിയത്.
 
അനിവാര്യമായ പോരാട്ടങ്ങളിലും ഉടമ്പടികളിലും മനുഷ്യമഹത്വത്തിന് എതിരായൊന്നും പ്രവാചകനില്‍ നിന്ന് ഉണ്ടായില്ല. ശത്രുക്കളോട് പോലും കരുണ കാണിച്ചു. നിഷ്ഠൂരമായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് പരസ്യമായി മാപ്പു പ്രഖ്യാപിച്ചു. ശത്രുസമൂഹത്തെ തകര്‍ക്കാന്‍ സമ്മതം ചോദിച്ചവരെ അവരുടെ അജ്ഞത കണക്കിലെടുത്ത് മാപ്പു നല്‍കുന്നുവെന്നു പറഞ്ഞു തിരിച്ചയച്ചു. തന്നെ വധിക്കാനായി ദിവസങ്ങളോളം വീട്ടില്‍ താമസിച്ച് ഒടുവില്‍ കാര്യം സാധിക്കാതെ പോകുന്നതിനിടെ മറന്നുവെച്ച വാളെടുക്കാന്‍ തിരിച്ചു വന്ന ശത്രുവിനോടും കാരുണ്യം കാണിച്ചു പ്രവാചകന്‍ . ചെളിവാരിയെറിഞ്ഞവരും വേദനിപ്പിച്ചവരും രോഗബാധിതരായപ്പോള്‍ അവരുടെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. യജമാനന്റെ പീഡനത്തില്‍ മനംനൊന്ത ഒട്ടകം പോലും ഒടുവില്‍ പരാതി പറഞ്ഞത് പ്രവാചകനോടായിരുന്നു. എല്ലാ ജീവജാലങ്ങളിലേക്കും പരന്നൊഴുകുന്നതായിരുന്നു പ്രവാചക സ്‌നേഹം.
 
വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് പകര്‍ന്നു നല്‍കിയ കാരുണ്യമാണ് ലോകത്തിനു പ്രവാചകന്‍ സമ്മാനിച്ചത്. വംശീയതയുടെയും വര്‍ഗീയതയുടെയും പേരില്‍ മനുഷ്യത്വരഹിതമായ ക്രൂരതകള്‍ക്ക് കോപ്പുകൂട്ടുന്നവര്‍ക്ക് പ്രവാചകന്റെ കാരുണ്യജീവിതത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. കാരുണ്യം കൊണ്ടാണ് പ്രവാചകന്‍ ലോകം കീഴടക്കിയത്. സഹജീവികളോടു പോലും കരുണ കാണിക്കാനുള്ള വിശാല മനസ്സില്ലാത്തവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. മാതാപിതാക്കള്‍ക്കു നേരെ കാരുണ്യത്തിന്റെ നോട്ടം നോക്കാത്തവരെയും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കൊന്നൊടുക്കുന്നവരെയും കാണുന്നു. വാര്‍ധക്യം ഭാരമായി കാണുന്ന കാലം എത്ര വേദനാജനകമാണ്? സ്‌നേഹവും കാരുണ്യവും കൊണ്ട് മാതാപിതാക്കളുടെ ജീവിത സന്ധ്യയെ കുളിര്‍പ്പിക്കേണ്ട മക്കള്‍ പലരും അവരെ വൃദ്ധസദനത്തിലേക്കും വഴിവക്കിലേക്കും കൊണ്ടുപോയി തള്ളുകയാണ്. പണത്തിന്റെയും പ്രതാപത്തിന്റെയും കുറവോ അറിവിന്റെ അഭാവമോ അല്ല ഇത്തരം നീചകൃത്യങ്ങളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. ദൈവ ഭയത്തിന്റെയും അലിവിന്റെയും ആര്‍ദ്രതയുടെയും കുറവാണ് ഇതിനെല്ലാം കാരണം. മനുഷ്യത്വത്തെ അറിയാനും ആദരിക്കാനുമാണ് പുതിയ കാലത്ത് പഠനങ്ങള്‍ വേണ്ടത്. പിഞ്ചുകുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ജീവനോടെ കൊന്നൊടുക്കുന്നതിന് നിയമപരിരക്ഷയുള്ള കാലമാണിത്. രോഗികളോടും യുദ്ധത്തടവുകാരോടും അഭയാര്‍ത്ഥികളോടും ക്രൂരമായി പെരുമാറുന്ന പാശ്ചാത്യ രാജ്യങ്ങളിലെ പട്ടാളക്കാരുടെ ചിത്രങ്ങള്‍ ലോകമെമ്പാടും പ്രചരിക്കുകയാണ്. കരുണ വറ്റിയ ലോകത്താണ് നാം ജീവിക്കുന്നത് എന്ന് ഇതെല്ലാം നമ്മോട് വിളിച്ചുപറയുന്നു. ഇവിടെയാണ് പ്രവാചകന്റെ കാരുണ്യജീവിതത്തെ പ്രബോധനം ചെയ്യുന്നതിന്റെ അനിവാര്യത ബോധ്യപ്പെടുന്നത്.
 
സാഹോദര്യവും സ്‌നേഹവും സന്ദേശമാക്കിയാണ് പ്രവാചകന്‍ ജീവിച്ചത്. ലോകത്തിന്റെ നിലനില്‍പ് സ്‌നേഹബന്ധത്തിലൂടെയാണ് സാധ്യമാകുന്നത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. എല്ലാ മനുഷ്യരും ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്നും അവരെ പല ഗോത്രങ്ങളും സമൂഹങ്ങളുമാക്കിയത് തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നുമുള്ള ഖുര്‍ആനിക അധ്യാപനം പ്രവാചകന്‍ പ്രബോധനം ചെയ്തു. വെറുപ്പും വിദ്വേഷവും അസൂയയുമെല്ലാം ഇതിനെതിരെയുള്ള വികാരങ്ങളാണെന്ന് ഓര്‍മപ്പെടുത്തി. സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇതെല്ലാം കാരണമായിത്തീരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇത് അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പരസ്പരം സ്‌നേഹിക്കാന്‍ മറന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്വഭാവത്തിലും പെരുമാറ്റത്തിലും സംസാരങ്ങളിലുമെല്ലാം സ്‌നേഹം അന്യം നില്‍ക്കുകയാണ്. മനുഷ്യബന്ധത്തിന്റെ അകല്‍ച്ചക്ക് കാരണം ശാസ്ത്ര, സാങ്കേതിക രംഗത്തെ വിപ്ലവകരമായ വികസനമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പലരും. എന്നാല്‍ അതിനപ്പുറമുള്ള കാഴ്ചപ്പാടാണ് മനുഷ്യസമൂഹത്തിന് ഉണ്ടാവേണ്ടത്. അതു പഠിപ്പിക്കാനാണ് അല്ലാഹു പ്രവാചകരെ ഭൂമിലോകത്തേക്ക് നിയോഗിച്ചിട്ടുള്ളത്.
mediana
പരസ്പര സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക പ്രവാചക ജീവിതത്തില്‍ ദര്‍ശിക്കാനാകും. സ്‌നേഹം ഏറ്റവും പരിശുദ്ധവും സുന്ദരവുമായി അല്ലാഹു പ്രവാചകനില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. മനുഷ്യരിലൂടെയും ഇതര ജീവജാലങ്ങളിലൂടെയും ഒഴുകിപ്പരന്ന് പ്രപഞ്ചം മുഴുവന്‍ കുളിരായി നിറഞ്ഞു നില്‍ക്കുന്നതാണ് പ്രവാചകന്റെ സ്‌നേഹം. പരസ്പരം സ്‌നേഹം പ്രകടിപ്പിക്കാനുള്ള അവസരങ്ങളില്‍ നിന്നു അകന്നു നില്‍ക്കാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. പ്രവാചക ജീവിതത്തെ ആഴത്തില്‍ അറിഞ്ഞവര്‍ക്ക് ഒരിക്കലും സ്‌നേഹബന്ധങ്ങളെ നിസ്സാരമായി കാണാനാവില്ല. സ്വന്തത്തേക്കാളും സ്വന്തം മാതാപിതാക്കള്‍, സന്താനങ്ങള്‍, മറ്റുള്ള എല്ലാവരെക്കാളും തന്നെ സ്‌നേഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാകില്ലെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് അനുചരന്മാരുടെ സ്‌നേഹത്തിനു മുന്നില്‍ പ്രവാചകന് വീര്‍പ്പുമുട്ടേണ്ടി വന്നു. ഈ പ്രവാചക സ്‌നേഹത്തിന്റെ പ്രകീര്‍ത്തനങ്ങളാണ് ഈ പുണ്യദിനത്തില്‍ പ്രകടമാകുന്നത്. ഇത് ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് പ്രവാചക സ്മരണ അര്‍ത്ഥപൂര്‍ണമാകുന്നത്.
 
ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിന് പ്രവാചക പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. മുസ്‌ലിംലോകം ഭീഷണികളും വെല്ലുവിളികളും നേരിടുന്ന ഇക്കാലത്ത് ഒരുമിച്ച് ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യത വര്‍ധിച്ചിരിക്കുകയാണ്. ലോകത്ത് ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെടുകയാണ്. സമാധാനം നഷ്ടപ്പെട്ടാണ് പലരാജ്യങ്ങളിലും മുസ്‌ലിംകള്‍ ജീവിക്കുന്നത്. അക്രമത്തിനും ഭീകരതക്കുമെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയല്ല വേണ്ടത്. സമാധാനവും ക്ഷമയുമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കാനുള്ള പാഠം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മതത്തിനു കളങ്കമാണുണ്ടാക്കുന്നത്.
 
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇക്കാലത്ത് ഇസ്‌ലാമിന്റെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മുഖമാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടത്. പ്രവാചകനെ സ്‌നേഹിക്കുന്നതിലൂടെ മാത്രമേ ഒരാള്‍ സമ്പൂര്‍ണ വിശ്വാസിയാകുകയുള്ളൂ. പ്രവാചക സ്‌നേഹം എന്നാല്‍ അവിടത്തെ ജീവിതത്തെ പിന്‍പറ്റുക എന്നതാണ്. പ്രവാചകചര്യ പിന്‍പറ്റി ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ഭീകരവാദിയും തീവ്രവാദിയുമാകാന്‍ കഴിയില്ല. ഓരോ റബീഉല്‍ അവ്വല്‍ കടന്നു വരുമ്പോഴും ഇത്തരം ചിന്തകള്‍ മുസ്‌ലിം സമൂഹത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
 
പ്രകീര്‍ത്തന റാലികളിലും സദസ്സുകളിലും ഇത്തരം പ്രവാചകപാഠങ്ങളാണ് മുഴങ്ങിക്കേള്‍ക്കേണ്ടത്. വാക്കുകളിലോ പെരുമാറ്റങ്ങളിലോ ആരെയും വേദനിപ്പിക്കാത്ത തിരുനബിയുടെ മാതൃക കാത്തുസൂക്ഷിക്കണം. എല്ലാവര്‍ക്കും കടന്നുപോകാനുള്ള മാര്‍ഗമൊരുക്കി പ്രവാചക പ്രകീര്‍ത്തന റാലികളെ സ്‌നേഹസമൃദ്ധമാക്കണം. പ്ലാസ്റ്റിക് പോലുള്ളവയില്‍ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് കരുതലുണ്ടാകേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കണമെന്ന പ്രവാചക വചനത്തെ മുറുകെ പിടിക്കണം. പ്രവാചക പ്രകീര്‍ത്തന വേദികളിലും ആര്‍ഭാടവും ധൂര്‍ത്തും കടന്നു വരാതിരിക്കാന്‍ പരമാവധി പ്രയത്‌നിക്കണം. പരിശുദ്ധ പ്രവാചകനോടുള്ള അദമ്യമായ സ്‌നേഹം കൊണ്ട് നമ്മുടെ ഹൃദയത്തെ അല്ലാഹു പ്രകാശിതമാക്കട്ടെ. മര്‍ഹബന്‍ അഹ്‌ലന്‍ വ സഹ്‌ലാ…
Advertisements