Tags

, , , , , , , , , , , , , ,

ലാബിൽ പരീക്ഷണത്തിൽ മരണപ്പെട്ടുപോയ കുട്ടു  എന്ന കുട്ടി ഹൈഡ്ര സ്വർഗത്തിലിരുന്ന് പെറ്റമ്മക്ക് എഴുതിയ കത്ത്. 

പ്രിയപ്പെട്ട മമ്മി,
ഞാനിപ്പോൾ സ്വർഗത്തിലാണ്. അതും നമ്മൾ ജീവിച്ചിരുന്ന ലാബിലെ ഹൈഡ്രകളെല്ലാം താമസിക്കുന്ന സ്ഥലത്താണുള്ളതെന്ന് സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ! അവരുടെയെല്ലാം സ്നേഹപ്രകടനങ്ങളിൽ സന്തോഷമുണ്ടെങ്കിലും മമ്മിയെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും കരച്ചിലടക്കാൻ കഴിയുന്നില്ല.  മമ്മിയോടൊപ്പം കഴിഞ്ഞ ആ സുദിനങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. എപ്പോഴും അങ്ങനെ ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പൊകുകയാണിപ്പോൾ. പക്ഷെ നാം സത്യത്തെ ഉൾക്കൊണ്ടേ മതിയാകൂ.

Babblu

കുട്ടു ഹൈഡ്ര അമ്മയോടൊപ്പം (ഫയൽ ചിത്രം)

എനിക്ക് മമ്മിയോട് ഒരുപാട് കാര്യങ്ങൾ തുറന്നു പറയണം. പോങ്കി ചേച്ചി ഞാൻ ഋഷിയുടെ കൂടെ ഒളിച്ചോടിയതാണെന്ന് പറഞ്ഞു പരത്തുന്ന ഈ സാഹചര്യത്തിൽ സത്യം വെളിപ്പെടുത്തേണ്ടത് എന്റെ ബാധ്യതയാണല്ലോ. നമ്മുടെ കുടുംബത്തിൻറെ മാനം ഞാൻ കളഞ്ഞുകുളിച്ചിട്ടില്ലെന്ന്  ഇനിയെങ്കിലും നിങ്ങളെല്ലാം മനസ്സിലാക്കണം. അതിനും കൂടിയാണ് ഞാനിതെഴുതുന്നത്.

ഞാൻ ഒളിച്ചോടി എന്ന് പറയുന്ന ആ ദിവസം, അന്ന് മമ്മി കുഞ്ചു ഹൈഡ്ര യുടെ കല്യാണത്തിന് പോയ നേരം. ഞാൻ കൊച്ചു ചേച്ചിയുടെ വീടിൻറെ ഉമ്മറത്തിരിക്കുംപോഴാണ് മഴയുടെ ഇരമ്പൽ കേട്ടത്. മാനം പോലും കറുത്തു പോയ ആ ദിവസത്തെപ്പറ്റി ഇന്നും ആലോചിക്കാൻ പറ്റുന്നില്ല.  ഹോ !!! ഒരു കുഞ്ഞു ഹൈഡ്രയായ എനിക്ക് ശരീരം പോലും നന്നായി വളർന്നിട്ടില്ലായിരുന്നല്ലോ, എങ്കിലും തിമിർത്തു പെയ്ത  ആ  മഴയിൽ നൃത്തം ചെയ്യാനുള്ള മോഹത്താൽ ഞാനെന്റെ വശ്യ സൗന്ദര്യങ്ങളെല്ലാം പുറത്തെടുക്കാൻ ശ്രമിച്ചു. ചെറുപ്പം മുതലേ മമ്മി പാടി  തന്ന “ജോണി ജോണി” എന്ന പാട്ട് പാടാൻ തുടങ്ങിയപ്പോഴേക്കും അപ്പുറത്തെ വീട്ടിലെ പോങ്കി ചേച്ചി തെറിവിളി ആരംഭിച്ചിരുന്നു. സ്വന്തം അയൽപ്പക്കത്തിരുന്ന് വായിൽ വരുന്നവയെല്ലാം വിളിച്ചു പറയുന്ന അവരെ മാനസികമായും ശാരീരികമായും നേരിടാനുള്ള ത്രാണി എനിക്കില്ലാത്തതിനാൽ ഞാൻ മൗനം പ്രാപിച്ചു. എന്നിട്ടും അവർ നിർത്താൻ കൂട്ടാക്കിയില്ല. ഇതെല്ലം മമ്മി വരുമ്പോൾ പറയണമെന്നുണ്ടായിരുന്നെങ്കിലും എനിക്കതിന് സാധിച്ചില്ല. ഞാൻ കൊച്ചു ചേച്ചിയുടെ കിണറ്റിൻ കരയിലിരിക്കുമ്പോഴാണ്‌   മിന്നു എന്ന പെണ്‍കുട്ടിയും അവളുടെ അധ്യാപകനും ചേർന്ന് എന്നെ പിടിച്ചോണ്ട് പോയത്.    ഞാൻ നിലവിളി ച്ചതൊന്നും അവർ കേട്ട ഭാവം നടിച്ചില്ല. വിശാലമായ തെരുവിലൂടെ ഓടിക്കളിച്ചിരുന്ന എന്നെ ആദ്യം അവർ ആറു കുഴികളുള്ള ഒരു ചില്ലു പാത്രത്തിലേക്കാണ് ഇട്ടത്. എന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിച്ചതിൽ വിഷമമുണ്ടായിരുന്നെങ്കിലും മമ്മിയെക്കുറിച്ചുള്ള  ചിന്തകളാണ് കൂടുതലെന്നെ അലട്ടിയത്.

ആ മിന്നുവിനാണെങ്കിൽ ഒരു തരത്തിലുള്ള ദയയുമില്ല, ഹും അവളെല്ലാം പെണ്ണാണ് പോലും ! ഞാൻ ഒരുപാട് ഉച്ചത്തിൽ കരയാൻ ശ്രമിച്ചെങ്കിലും  ഒരു ചെറിയ ഒച്ച പോലും എന്നിൽ നിന്ന് പുറത്തേക്ക് വന്നില്ല. ആദ്യം അവൾ ഒരു ട്രോപ്പറെടുത്ത് (ഹൈഡ്രകളെ  ജീവനോടെ പിടിക്കാൻ സഹായിക്കുന്ന ഒരു തരo പൈപ്പ്) എന്നെ പിടിക്കാൻ വരുന്നത് കണ്ട് അന്ധാളിച്ചു പോയി, ഹൊ! ശെരിക്കും കാലൻറെ തനി പകർപ്പാണെന്നു തോന്നും. ഈ നേരത്തെല്ലാം രക്ഷിക്കണേ എന്ന് അലമുറയിട്ടിട്ടും  ഒരുത്തനും തിരിഞ്ഞു നോക്കിയതേ ഇല്ല.  തൊട്ടപ്പുറത്ത് ഇതേ ഗതി അനുഭവിക്കുന്ന തൗസി ഹൈഡ്ര എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എനിക്കും ജിബി ഹൈഡ്രയെ പോലെത്തന്നെ  മരണം സുനിശ്ചിതമായിരുന്നു. ദേഷ്യമോ അതോ ഭയമോ എന്ന്  തിരിച്ചറിയാത്തവണ്ണം നവരസങ്ങളിൽ കുളിച്ചു നിൽക്കുന്ന എന്നോട് മിന്നു വീണ്ടും വീണ്ടും പല്ലിളിച്ച് കാണിച്ച് കൊണ്ടേയിരുന്നു. അടിച്ച് അവളുടെ മോന്തേടെ ഷേപ്പ് മാറ്റാൻ തോന്നിയെങ്കിലും ഞാൻ നിസ്സഹായാവസ്ഥയിലായിരുന്നു. അഹങ്കാരത്തിൽ മുങ്ങി  നിൽക്കുന്ന അവൾ ആ നേരത്ത് ട്രോപ്പറിനുള്ളിൽ ശ്വാസം പോലും കിട്ടാതിരിക്കുന്ന എന്നെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാണ്. അതിനിടയിൽ എൻറെ ബോധവും നഷ്ടപ്പെട്ടു. പിന്നീട് എന്ത് സംഭാവിച്ചെന്നറിഞ്ഞുകൂടാ, സുബോധം വന്നപ്പോൾ ഞാനൊരു ഗ്ലാസ് പാത്ത്രത്തിലായിരുന്നു. അവിടെ പട്ടാളക്കാരെ പോലെ മസിലും പിടിച്ച് നിൽക്കുന്ന സജി ഹൈഡ്രയെ കാണാനിടയായി. സംസാരിച്ചപ്പോഴാണ്   അവൻറെ കഥയും ഇത് പോലെയാണെന്ന് മനസ്സിലായത്. ആ ദ്രോഹിയായ പെണ്ണ് ഞങ്ങളെയെല്ലാം ഹൈഡ്ര വെള്ളത്തിൽ നന്നായി കുളിപ്പിച്ചതിനു ശേഷം ഭക്ഷണം തരുമെന്ന് വിചാരിച്ചു. എന്നാൽ ആ ദുഷ്ട  കൊടും ചതിയായിരുന്നു ഞങ്ങളോട് ചെയ്തത്. വെള്ളത്തിൽ വിഷം കലക്കി ഞങ്ങളുടെ മരണം കണ്ട് ആസ്വദിക്കാനായിരുന്നു അവളുടെ ആഗ്രഹം. വിഷം കലക്കിയ വെള്ളത്തിൽ കിടന്ന് ആദ്യം കണ്ണും മൂക്കും എരിയാൻ തുടങ്ങി, പിന്നീട് കയ്യിലും കാലിലുമൊക്കെ കോശങ്ങൾ വെളുത്ത നിറത്തിലേക്ക് മാറാൻ തുടങ്ങിയിരുന്നു. അങ്ങിനെ അവസാനം ശരീരം തന്നെ ദ്രവിച്ച് മരിക്കാനായിരുന്നു ഞങ്ങളുടെ  വിധി.

മമ്മീ, ആ മിന്നുവും കൂട്ടരും അവിടെത്തന്നെയുണ്ട്. ദയവു ചെയ്ത് നമ്മുടെ ബന്ധുക്കളെ ആരെയും അവർക്ക് പരീക്ഷണത്തിന്‌ വിട്ടു കൊടുക്കരുത്. അവരെങ്കിലും നന്നായി ജീവിക്കട്ടെ!

സ്നേഹത്തോടെ,
കുട്ടു

Advertisements