Tags

, , , , , , , , ,

ചരിത്രം ഒരു ജനതയുടെ ആത്മവീര്യം വീണ്ടെടുക്കാനുതകുന്ന മൗലികമായ ഊര്‍ജ്ജ സ്രോതസ്സാണ.്‌ ഓരോ സമൂഹത്തിനും അവരുടേതായ തനത്‌ ചരിത്രവും സംസ്‌കാരവുമുണ്ട്‌. കേരള മുസ്‌ലിങ്ങളെ സംബന്ധിച്ചും അഭിമാനകരമായ അസ്‌തിത്വത്തിന്റെയും വിമോചനാത്മകമായ പ്രതിനിധാനത്തിന്റെയും സമര തീക്ഷ്‌ണമായ ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്‌. തദ്ദേശീയവും വൈദേശികവുമായ പ്രമാണ സ്രോതസ്സുകളില്‍ കഴിഞ്ഞ അഞ്ഞൂറു വര്‍ഷത്തെ വ്യക്തമായ ചരിത്രം പതിഞ്ഞു കിടക്കുന്ന ഒരു സമൂഹമായിട്ടും നമ്മുടെ സാമ്പ്രദായിക ചരിത്ര രചനകളില്‍ കാട്ടുമാപ്പിളയും കലാപകാരിയും മതഭ്രാന്തനുമൊക്കെയായി തന്നെയാണ്‌ മാപ്പിള പ്രതിനിധീകരിക്കപ്പെടുന്നത്‌. ചില പെരുമാറ്റങ്ങളുടെയും ആശയങ്ങളുടെയും ആകെത്തുകയായി മതത്തെ പരിചയിച്ച ആധുനികതയുടെ യുക്തി കൊണ്ട്‌ അളന്നെടുക്കാന്‍ സാധിക്കുന്നതല്ല ആഗോള മുസ്‌ലിംകളുടെയും സവിശേഷമായി കേരളത്തിലെ മാപ്പിള മുസ്‌ലിങ്ങളുടെയും ചരിത്രം എന്നത് വസ്തുതാപരമാണ്. അതു കൊണ്ട്‌ തന്നെയാണ്‌ അക്രമികളായ യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ നിഷ്‌ഠൂരമായ അതിക്രമങ്ങളില്‍ നിന്ന്‌ ഒരു ജനതയെ രക്ഷിക്കാനും ഒരു ദേശത്തിന്റെ മാനം കാക്കാനും അനസ്യൂതമായി പൊരുതിയ ഒരു ജനതയുടെ ചരിത്രം നമ്മുടെ മുഖ്യധാരാ വ്യവഹാരങ്ങളില്‍ ഇടം നേടാതെ പോയത്‌.
 Capture

ഇന്ന് പാരമ്പര്യത്തെ പ്രതിനിധീകരിച്ച്‌ അതിന്റെ സംരക്ഷകരായി വേഷം കെട്ടിയാടുന്ന സംഘടനാ സംരംഭങ്ങളും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയല്ലാതെ ചരിത്രത്തെ ഉപയോഗിച്ചിട്ടില്ല എന്നതാണ്‌ വസ്‌തുത. കാല്‍പനികവത്‌കരിക്കപ്പെട്ട ഒരു ചരിത്രബോധമാണ്‌ അവര്‍ക്ക്‌ കൈമുതലായുള്ളത്‌. ചരിത്രത്തെ കാല്‍പനിക വത്‌കരിക്കുന്നതിന്റെ ഒരു ദുരന്തം അത്‌ ഭൂതകാലത്തെ കാല്‍പനിക വിഭൂതികളുടെ അതിമാനുഷ ഇന്ദ്രജാലങ്ങള്‍ മാത്രമായി ചുരുക്കുന്ന ഒന്നാണ്. ഇങ്ങിനെ ചരിത്ര പുരുഷന്മാര്‍ കാല്‍പനിക വര്‍ണങ്ങളുള്ള മായജാലക്കാരായി മാറുകയും അവരുടെ യഥാര്‍ത്ഥ പ്രതിനിധാനവും ആശയങ്ങളും തമസ്‌കരിക്കപ്പെടുകയും ചെയ്‌തപ്പോള്‍ ആധുനികതയും അതിന്റെ ആശയ സാംസ്‌കാരിക, രാഷ്ട്രീയ മൂല്യങ്ങളും കേരള മുസ്‌ലിംകളെ ധാര്‍മ്മികവും ആത്മീയവുമായി ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. എന്നാൽ യഥാര്‍ത്ഥ ചരിത്രം അനാവരണം ചെയ്യുമ്പോള്‍ മുസ്‌ലിം സമുദായത്തെ ആത്മീയവും സാംസ്‌കാരികവും രാഷ്ട്രീയവുമൊക്കെയായ അനന്യതയോടെ നിലനിര്‍ത്തിയിരുന്ന പാരമ്പര്യ ഘടകങ്ങളെ കണ്ടെത്താന്‍ നമുക്ക്‌ സാധിക്കുകയും ചെയ്യുന്നുണ്ട്.


 കടപ്പാട്: സത്യാധാര