Tags

, , , ,

ഒരു സ്ഥലത്ത് നിൽക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നേം അവിടെ ചുറ്റിപ്പറ്റി തുടരുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലാത്തതിനാൽ, രണ്ടും കൽപ്പിച്ച് ലാബിൽ നിന്നും മീനിന് കാൻസർ ഉണ്ടാക്കുന്ന കലാപരിപാടി നിർത്താൻ തീരുമാനിച്ചു. അത് എന്റെ പ്രൊഫസറോട് മാന്യമായി പറയുകയും ചെയ്തു. അദ്ദേഹം ആദ്യമൊന്നും കാര്യമായി എടുത്തില്ലെങ്കിലും, പിന്നീട് സംഗതി ഗൗരവമാണെന്ന് മനസ്സിലായപ്പോൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പിടിച്ച് നിർത്താൻ നോക്കി. ഈ സമയത്ത് തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായ ചൈനീസ് കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടെ സൗജന്യമായ ഉപദേശവും സ്വീകരിക്കാനുള്ള അവസരം ലഭിച്ചു. എങ്കിലും തീരുമാനത്തിൽ ഉറച്ച് നിന്നതിനാൽ, അവരെല്ലാവരും അവസാനം എന്റെ ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. വൈകിട്ട് നാലുമണി കഴിഞ്ഞു, ഇത്രയും കാലം കലക്കി മറിച്ച DNA യുടെയും RNA യുടെയും സാമ്പിളുകളും, ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ബാധ്യതകളുടെ പുസ്തകവും (ലാബ് നോട്ട് ബുക്ക്) ഡോ. ലിയാങ് അമ്മച്ചിയെ ഏൽപ്പിച്ചാണ് പടിയിറങ്ങിയത്. രണ്ടും കൽപ്പിച്ചിറങ്ങിയതിനാൽ, ഇനി നാട്ടിൽ പോകേണ്ടി വരുമോ എന്ന ഭയം ഇല്ലാന്നില്ല. പക്ഷെ നാല് വർഷത്തെ സ്കോളർഷിപ്പാണ് യൂണിവേഴ്സിറ്റി നൽകിയിരിക്കുന്നത്, അതും സൗജന്യ താമസ സൗകര്യവും. അങ്ങനെ അഞ്ചാം നിലയിൽ നിന്നും ഇറങ്ങി, നേരെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെത്തി നടന്ന കാര്യങ്ങളെല്ലാം നമ്മുടെ തമിഴ് മക്കളോട് വിശദീകരിച്ചു. ആദ്യമൊക്കെ പഴയ ലാബിലേക്ക് തിരിച്ച് കയറാൻ പറഞ്ഞെങ്കിലും, പിന്നീട് വേറൊരു ലാബ് നോക്കാനുള്ള ഉപായവും അവർ തന്നെയാണ് മുന്നോട്ട് വെച്ചത്. അങ്ങനെ പുതിയൊരു താവളം തേടാൻ തുടങ്ങി. സാറയും (ഇന്തോനേഷ്യ) അലിയും (പാക്കിസ്ഥാൻ) മത്സരിച്ച് സഹായിക്കുമ്പോൾ പിന്നെന്തിനാണൊരു പേടി. അങ്ങനെ ഡോ. TYW ന്റെ ലാബ് കണ്ടു പിടിച്ചു (ചൈനീസ് പേര് ഇച്ചിരി കട്ടിയായതുകൊണ്ടാണ് പ്രൊഫെസ്സറുടെ പേര് ചുരുക്കി എഴുതിയത് 😉 താഴെ ഫോട്ടോയിലുള്ള വ്യക്തിയാണ് Dr. TYW).

111

വെള്ളിയാഴ്ച അദ്ദേഹത്തെ നേരിൽ കാണാൻ ചെല്ലുമ്പോൾ ഇച്ചിരി തിരക്കിൽ എങ്ങോട്ടോ പോകുകയായിരുന്നു. ഞാനൊന്ന് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ, നീ മെയിൽ അയച്ചാൽ മതി, ഇപ്പൊ ഒരു സ്ഥലം വരെ പോകാനുണ്ടെന്നും പറഞ്ഞു. അങ്ങനെ രാത്രി തന്നെ അയച്ച മെയിലിന് റിപ്ലൈ വന്നു. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഓഫീസിൽ വരണമെന്നും, നമുക്ക് കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞപ്പോൾ ഒന്ന് തുള്ളിച്ചാടാൻ തോന്നി. എന്തായാലും കാണാമെന്ന് പറഞ്ഞതിനാൽ കുറച്ച് കാര്യങ്ങളൊക്കെ വായിച്ച് ഒരു ധൈര്യത്തിൽ പോകാമെന്ന സമാധാനത്തിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അടുത്ത മെയിൽ വരുന്നത്.

“എനിക്ക് തിങ്കാളാഴ്ച്ച 10 മണിക്കൊരു മീറ്റിംഗ് ഉണ്ട്. നമുക്ക് 11.30 ന് കണ്ടാൽ പോരെ?. നമ്മുടെ മീറ്റിംഗ് സമയം മാറ്റേണ്ടിവന്നതിനാൽ താങ്കളെന്നോട് ക്ഷമിക്കണം. ആയതിനാൽ, അന്നത്തേക്കുള്ള താങ്കളുടെ ഉച്ച ഭക്ഷണം ഞാൻ നൽകുന്നതാണ്. നമുക്കൊരുമിച്ച് ഭക്ഷണം കഴിച്ചതിന്ശേഷം ഗവേഷണത്തെക്കുറിച്ച് സംസാരിക്കാം”

ശെരിക്കും ഞാൻ ഞെട്ടിപ്പോയി, എന്റെ ആവിശ്യത്തിന് അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ചോദിച്ച എന്നോട് ഇത്രയും മാന്യമായി പെരുമാറിയ ആ മനുഷ്യനോട് എനിക്ക് വളരെ ബഹുമാനം തോന്നി. അതും എന്റെ പിതാവിന്റെ പ്രായത്തിലുള്ളൊരു വ്യക്തി നമ്മെ ഇത്രത്തോളം സ്‌നേഹിക്കുമ്പോൾ. അങ്ങനെ തിങ്കളാഴ്ച്ച പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചു. കൂടുതലൊന്നും പറഞ്ഞില്ല, എന്നെക്കുറിച്ച് കൂടുതൽ അറിയാനും താല്പര്യമില്ല. എന്തിനാണ് നീ ലാബ് മാറിയതെന്ന് പോലും ചോദിച്ചതുമില്ല. എല്ലാം നിഷ്കളങ്കമായ ചിരിയിലൂടെ, സൗമ്യമായ സംസാരത്തിലൂടെ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു (ഇന്ത്യയിൽ എവിടെയാണെന്നും, അവിടെയുള്ള കൊതുക് തായ് വാനിലെ കൊതുകിനെപ്പോലെയാണോ എന്നുമുള്ള കുശലാന്വേഷണങ്ങളും തമാശകളും മാത്രം). പിന്നീട് കുറച്ച് ഗവേഷണ പേപ്പറുകൾ നൽകി, ഇതെല്ലാം വായിക്കണമെന്നും, നാളെ കാര്യങ്ങളെല്ലാം സംസാരിക്കാമെന്നും പറഞ്ഞു. ശേഷം പുതിയ ലാബിലെ പുതിയ സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാവരും തായ് വാനികളാണ്. കൂടുതലൊന്നും ഇംഗ്ലീഷിൽ പ്രഗത്ഭരല്ലെങ്കിലും, മറ്റുള്ളവരെ നന്നായി ബഹുമാനിക്കാനറിയുന്നവരും, പെട്ടെന്ന് സൗഹൃദത്തിലാവുന്നവരുമാണ് തായ് വാനികൾ. അധികം ആരേയും ചൊറിയാനോ, ബുദ്ധിമുട്ടിക്കാനോ നിൽക്കാത്ത പ്രാകൃതമുള്ളവർ. അതുകൊണ്ട് തന്നെ നന്നായി പരിചയപ്പെടാനും, എളുപ്പത്തിൽ സുഹൃത്തുക്കളാവാനും സാധിച്ചു. അങ്ങനെ പുതിയ പ്രൊഫെസ്സറുടെ കൂടെ പുതിയ ലാബിലും കയറിക്കൂടി. ഇനിയുള്ള കാര്യങ്ങളെല്ലാം വഴിയേ പറയാട്ടോ..!

Advertisements