Tags

, , , , , , , , , , , , , ,

ഓരോ വെള്ളിയാഴ്ച്ചയും പള്ളിയിൽ പോകുമ്പോൾ പുതുമുഖങ്ങളെ കണ്ട് പരിചയപ്പെടാറുണ്ട്. വ്യത്യസ്ത സംസ്കാര രീതികളേയും, വ്യക്തികളേയും അറിയുന്നത് നല്ലതാണല്ലോ. ഒരു വെള്ളിയാഴ്ച്ച ഇംഗ്ലീഷും അറബിയും സംസാരിക്കുന്ന എന്റെ സമപ്രായക്കാരനായ ഹസ്സൻ വാങ്ങിനെ പരിചയപ്പെടാനിടയായി. അയാളെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് അവരുടെ പ്രപിതാക്കളെല്ലാം ചൈനയിൽ നിന്നും വന്നവരാണെന്നറിഞ്ഞത്. അങ്ങനെ തായ്‌വാനിലെ മുസ്ലിം സമൂഹത്തിനെക്കുറിച്ച് കൂടുതൽ ഗ്രഹിക്കാനാഗ്രഹിച്ചു. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ അര ശതമാനം പോലും ഇല്ലാത്തവരാണ് തായ്‌വാനിലെ മുസ്ലിം സമൂഹം. എണ്ണത്തിൽ കൂടുതൽ പേരും ഖൂദൂ(Huízú/ خُوِذُو) വംശത്തിലുള്ളവരാണ്. ഏഴാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് ചില ഇറാനിയൻ കച്ചവടക്കാർ സിൽക്ക് പാതയിലൂടെ നടത്തിയ കച്ചവടത്തിന്റെയും സംസ്കാരിക-സാമൂഹിക ബന്ധത്തിൻറെയും പശ്ചാത്തലത്തിലാണ് ഖൂദൂ വംശം ചൈനയിൽ രൂപം കൊണ്ടത്. പിന്നീട് ദശ ലക്ഷക്കണക്കിനാളുകളായി കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തായ്‌വാൻ എന്നീ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.

നമ്മുടെ പാലക്കാട് ജില്ലയുടെ വിസ്തൃതി പോലുമില്ലാത്ത ഈ കൊച്ചു ദ്വീപ് ആദ്യകാലത്ത് ഡച്ചുകാരുടെ അധീനതയിലായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഡച്ച് ഭരണത്തിൽ നിന്നും ദ്വീപിനെ തിരിച്ചു പിടിക്കാൻ ചൈനീസ് പ്രവിശ്യൻ ഭരണാധികാരിയായിരുന്ന കോഷിംഗ (Koxinga) തീരുമാനിച്ചു. അദ്ദേഹം സ്വന്തം സൈന്യവുമായി ചൈനയിൽ നിന്നും പുറപ്പെട്ട് ഈ രാജ്യം സ്വന്തമാക്കുകയും ചെയ്തു. കോഷിംഗയുടെ സൈന്യത്തിലെ ചില മുസ്ലിം മത വിശ്വാസികളായ പട്ടാളക്കാരെയാണ് ആദ്യ മുസ്ലിം സമൂഹമായി തായ് വാനിൽ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. കാലാന്തരത്തിൽ വിവിധ രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും തേർവാഴ്ച്ചയുടെ ഭാഗമെന്നോണം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലം ഈ രാജ്യം ജപ്പാൻ ഭരണത്തിന് കീഴിൽ വരികയും ചെയ്തു. ഇന്നും ശാന്ത മഹാ സമുദ്രത്തിനു മുമ്പിൽ നിവർന്നു നില്കുന്ന ‘കീലുങ്’ മലനിരകളിൽ ‘ടൗഉലാൻ’ കോട്ടകൾ പോലെ അനേകം സൈനിക നീക്കങ്ങളുടെ അവശിഷ്ടങ്ങൾ ഇന്നും ദൃശ്യമാണ്. ജപ്പാന്റെ ഭരണത്തിലാവുന്നതിനു മുമ്പ് പല മത പണ്ഡിതന്മാരും നേതാക്കളുമെല്ലാം പലപ്പോഴായി ചൈനയിൽ നിന്നും തായ് വാനിലേക്ക് വന്നതായി കാണാം. എന്നാൽ, വിദേശ മതങ്ങളെയും മത ആചാരങ്ങളെയും എതിർത്തുകൊണ്ടിരുന്ന ജപ്പാൻ ഭരണകൂടം തായ്‌വാനിലേക്കുള്ള ജനങ്ങളുടെ വരവിനെ തടയുകയും, ഈ നാട്ടിലെ മുസ്ലിം മത വിശ്വാസികളെ മത പരമായ ചടങ്ങുകൾ ചെയ്യാൻ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. എങ്കിലും പഴയ പട്ടാള വീര്യം ചോരാത്ത പുതു തലമുറ രഹസ്യമായി തങ്ങളുടെ ആചാര-അനുഷ്ഠാനങ്ങൾ നിലനിർത്തുകയും, സ്വന്തം മക്കളെ വീടുകളിൽ മത നിയമങ്ങൾ അറിയുന്ന രീതിയിൽ പഠിപ്പിക്കുകയും ചെയ്തു.

1945-ലാണ് ജപ്പാൻ ഈ ദ്വീപ് ചൈനക്ക് വീണ്ടും കൈമാറുന്നത്. ഈ കാലത്താണ് ചൈനയിൽ ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള സിവിൽ വാർ ആരംഭിച്ചത്. ഇതിന്റെ ഭാഗമെന്നോണം ചില പട്ടാളക്കാരെ ചൈനീസ് ഭരണകൂടം തായ് വാനിൽ വിന്യസിച്ചു, പിന്നീട് അവരിലൂടെയാണ് വീണ്ടും മുസ്ലിം ആഗമനം ദ്വീപിൽ സാധ്യമായത്. മ്യാൻമാർ, തായ്‌ലന്റ് പോലുള്ള രാജ്യങ്ങളിലെ ചില വിഭാഗങ്ങളും പുതിയ പുൽമേടുകൾ തേടി പലായനം ചെയ്തു. ഈ മൂന്ന് പലായനങ്ങളുടെയും പരിണിതഫലമായി അറുപതിനായിരത്തിലെത്തി നിൽക്കുന്നു ഇന്നത്ത തായ്‌വാൻ മുസ്ലിം ജനസംഖ്യ. രാജ്യ ജനസംഖ്യയുടെ മൂന്നിരട്ടി മുസ്ലിംങ്ങൾ ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമാർ എന്നിവക്ക് പുറമെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുപോലും പഠനവും, ഉപജീവന മാർഗവുമായി ഈ കൊച്ചു ദ്വീപിൽ വസിക്കുന്നുണ്ട്. ഈ കുറിപ്പുകാരനും അതിലൊരൊളാണ്..!

തായ് മിനാരങ്ങൾ

കേവലം വിരലിലെണ്ണാവുന്ന മസ്ജിദുകളാണ് ഈ ദ്വീപിലുള്ളതെങ്കിലും, 1947-ലാണ് ആദ്യ മുസ്ലിം പള്ളി തായ്‌പേയിൽ നിർമിക്കുന്നത്. ശേഷം ഏഴ് മസ്ജിദുകൾ കൂടി രാജ്യത്തിന്റെ പലഭാഗങ്ങളിലുമുണ്ടായി. ഇവയെല്ലാം പതിറ്റാണ്ടുകളുടെ വ്യത്യാസത്തിലാണ് നിർമ്മിച്ചതെങ്കിലും പല സാമൂഹിക, സാംസ്കാരിക- മതപരമായ ജന മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളുമാണ്. എങ്കിലും ജനങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിനും ഐക്യത്തിനും യാതൊരു വിധ കോട്ടവും സംഭവിച്ചിട്ടില്ലെന്നത് വസ്തുതയാണ്. തീർത്തും അഹ് ലുസ്സുന്നത്തു വൽ ജമാഅത്തിന്റെ ആശയങ്ങൾ പിന്തുടരുന്ന ഈ ജന വിഭാഗം ഭൂരിപക്ഷവും ഹനഫി ചിന്താധാരയാണുൾക്കൊള്ളുന്നത്. ചില പ്രദേശങ്ങളിൽ ഷാഫി ചിന്താധാര ഉൾക്കൊള്ളുന്നവരെയും കാണാം. ഓരോ വെള്ളിയാഴ്ചകളിലും ഈ പള്ളികളിലെല്ലാം അവർ ഒത്തുകൂടുന്നത് വളരെ ഹൃദ്യമാണ്. കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ചിലർ ജുമുഅ നമസ്‌കാരത്തിന് വരുന്നത്. ചിലരാവട്ടെ മക്കളെയും പേര മക്കളെയും കൊണ്ടുവന്നു ഇസ്‌ലാമിന്റെ തനതായ കാര്യങ്ങൾ പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ വെള്ളിയാഴ്ച കൂടുതൽ അർത്ഥവത്താക്കുന്നു.

ചോങ്ഗ്ലി ജില്ലയിലെ തായോൺ സിറ്റിയിലുള്ള ലോങ്ങ് ഗാങ് പള്ളിയിലാണ് ഞങ്ങളുടെ സർവകലാശാലയിലെ വിദ്യാർത്ഥികൾ ജുമുഅക്ക് സന്ധിക്കുന്നത്. ശരിക്കും അഭിമാനം തോന്നിപ്പോകും; പുരോഗമനത്തിന്റെയും ആർഭാട ജീവിതത്തിന്റെയും കെട്ടിടങ്ങൾക്കിടയിൽ ഇസ്‌ലാമിക രീതിയിൽ നിർമിച്ച രണ്ടു നിലയിലുള്ള ഈ പള്ളി കാണുമ്പോൾ. 1960-കളിൽ നിർമ്മിതമായ ഈ മസ്ജിദുകൾക്കുപോലും ഒരുപാട് സൈനിക നീക്കങ്ങളുടെയും, സാഹോദര്യത്തിന്റെയും കഥ പങ്കുവെക്കാനുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പേ ഇസ്‌ലാമിക ചൈതന്യം തായ്‌വാനിലെത്തിയെങ്കിലും, ഇന്നും ഈ സമൂഹം ഒരുപാട് കാര്യങ്ങളിൽ പ്രാരംഭഘട്ടത്തിലാണ്. എങ്കിലും ചില കാര്യങ്ങൾ കാണുമ്പോൾ നമുക്ക് അസൂയ തോന്നിയേക്കാം. വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ഈ പള്ളിയിലേക്ക് വരുന്ന എല്ലാവർക്കും സൗജന്യമായി ഉച്ച ഭക്ഷണം നൽകുന്നുണ്ട്. നമ്മുടെ നാടൻ കഞ്ഞി മുതൽ ഇന്തോനേഷ്യൻ- ചൈനീസ്- തായ് വാൻ വിഭവങ്ങളുമുണ്ടാവും അക്കൂട്ടത്തിൽ. ഈ സന്തോഷത്തിൽ പങ്കു ചേരാൻ വേണ്ടി മറ്റു മതസ്ഥരും, ഫിലിപ്പീൻസ്-വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലെ നിരീശ്വര പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരും ഒത്തു കൂടാറുണ്ട്.

റമളാൻ വിശേഷം
റമളാൻ മാസത്തിലെ നോമ്പ് തുറയുടെ തിരക്കിനെക്കുറിച്ച് പിന്നെ പറയുകയും വേണ്ട. അന്യ മതസ്ഥർക്കെല്ലാം നോമ്പെടുക്കുന്ന വിശ്വാസികളോണ് വളരെ ബഹുമാനവും സ്നേഹവുമാണ്. അതിലുപരി ഇഫ്താർ, തറാവീഹ്, പെരുന്നാൾ നമസ്കാരങ്ങൾ, മറ്റു മത ആചാരങ്ങളെയും പ്രാർത്ഥനകളെയും കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനുമെല്ലാം വിവിധ ആളുകൾ കൂടുതൽ വരാരുണ്ടിവിടെ. ഓരോ പള്ളിയോടും ചേർന്നുള്ള കടകളും മാർക്കെറ്റുകളും കുടുംബങ്ങളുമെല്ലാം ഇസ്‌ലാമിക ജീവിതം വിളിച്ചോതുന്നതാണ്. ഹലാൽ കട്ട് മാംസത്തിന്റെ ലഭ്യത ബുദ്ധിമുട്ടായതുകൊണ്ട്, ചിലർക്ക് ഇവിടെ നിന്നാണ് ആ ഭക്ഷണം ലഭിക്കുന്നത്. ചിലർ വീട്ടിൽ നിന്ന് പലഹാരങ്ങളും ഈത്തപ്പഴവും, മറ്റുമായി വെള്ളിയാഴ്ച്ചകളിൽ പള്ളിയിലെത്തുന്നവർക്ക് വിതരണം ചെയ്യുന്നു. ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക, അല്ലെങ്കിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവയെല്ലാം മുന്നോട്ട് പോകുന്നതെങ്കിലും, ഇതെല്ലം കാണുമ്പോൾ പലപ്പോഴും നമ്മുടെ നാട്ടിലെ നബിദിനത്തിൽ മിഠായി വിതരണം നടത്തുന്നത് ഓർത്ത് പോകും. പള്ളിയോട് ചേർന്ന് മത പഠനത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നാൽ ഭൗതിക വിദ്യാഭ്യാസത്തിന്റെ അതി പ്രസരവും, മാതാ പിതാക്കളുടെ അറിവില്ലായ്മയും, കുട്ടികളുടെ സമയ ദൗർലഭ്യവും കാരണം പല സമയങ്ങളിലും മദ്രസ്സ വിദ്യാഭ്യാസം നടക്കാറില്ലെന്നത് വളരെ ഖേദകരമാണ്. സാധാരണ വേനലവധി പോലോത്ത സമയങ്ങളിൽ മാത്രമാണ് മദ്രസ്സ ക്ലാസ്സുകൾ നിശ്ചയിക്കുന്നതെങ്കിലും റമളാനിൽ പ്രത്യേകം ഖുർആൻ പാരായണ ക്ലാസുകൾ കുട്ടികൾക്ക് വേണ്ടി ഇവർ സംഘടിപ്പിക്കാറുണ്ട്.

എല്ലാ പള്ളികളും ഇവിടുത്തെ സർക്കാരിൽ രജിസ്റ്റർ ചെയ്ത് നല്ല ചിട്ടയായ ഭരണ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പള്ളികളുടെയും മത പരമായ സ്ഥാപങ്ങളുടെയും മുഴുവൻ ചുമതലകൾ ചൈനീസ് മുസ്ലിം അസോസിയേഷന്റെ മേൽനോട്ടത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തായ്‌വായനിലാരംഭിച്ച ഈ സംഘടനക്ക് 46 ലോകരാജ്യങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. സർക്കാരും ചൈനീസ് സംഘടനയും മറ്റു പല സന്നദ്ധ അന്താരാഷ്ട്രാ സങ്കടനകളും ചേർന്ന് നടത്തുന്ന മത പരവും സാമൂഹിക പരവുമായ കാര്യങ്ങളെല്ലാം സ്തുത്യര്ഹമാണ്. കേവലം 0.3 ശതമാനം വരുന്ന മുസ്ലിങ്ങൾക്ക് ഭരണ പരമായും സാമൂഹികപരമായും സഹായം നൽകുന്ന ഭരണകൂട നിലപാടും സ്തുത്യർഹമാണ്. ചൈനീസ് സംഘടനക്ക് പുറമെ തായ്‌വാൻ മുസ്ലിം അസോസിയേഷൻ, ഇന്തോനേഷ്യൻ മുസ്ലിം ഫാമിലി പോലുള്ള സംഘടനകളും യൂണിവേഴ്സിറ്റി തലങ്ങളിൽ മറ്റു വിദ്യാർത്ഥി കൂട്ടായ്മകളുമെല്ലാം സജീവമായി പ്രവർത്തിക്കുന്നുണ്ടിവിടെ. ഇക്കാരണത്താൽ ഒരുപാട് നിയമ പരവും സാമൂഹികവുമായ പ്രശ്നങ്ങളില്ലാതെ, സ്നേഹവും ഐക്യവും നന്മയും നിലനിർത്താൻ ഈ നാട്ടിലെ ആളുകൾക്ക് സാധിക്കുന്നു. ഓരോ വർഷവും ചെറു സംഘങ്ങളായി ഹജ്ജിന്പോകുന്നതും, അതിലൂടെ നയപരമായി സഊദി സർക്കാരുമായി കൂടുതൽ അടുക്കാനും ഈ രാജ്യത്തിനു കഴിഞ്ഞതായി ഭരണാധികാരികൾ തന്നെ സാക്ഷ്യം വഹിക്കുന്നു. ഈ കാരണം കൊണ്ടായിരിക്കാം വിമാനത്താവളങ്ങളിൽ പോലും നമസ്കാരമുറികൾ കാണാവുന്നതാണ്. ഇനി നോമ്പ്, സകാത് പോലുള്ള കാര്യങ്ങളിലും വളരെ ശ്രദ്ധാലുക്കളാണിവർ. കേരളത്തിലെ മത വിജ്ഞാനമുള്ള ഏതൊരു സാധാരണക്കാരനും ഈ നാട്ടിലെത്തിയാൽ ഇവിടുത്തെ ഒരു ആലിമിന് തുല്യമാണെന്ന് കരുതാറുണ്ട്. കാരണം അത്ത്രത്തോളം ഇസ്‌ലാമികമായ പാരമ്പര്യത്തിൽ, തനതായ രീതിയിൽ വളരുന്ന നാം പല കാര്യങ്ങളിലും ഒരുപാട് നമുക്ക് അഹങ്കരിക്കാനുണ്ടെന്ന് ഇവിടുള്ളവരെ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയും. നമ്മുടെ മദ്രസകളുടെ സേവനം അമൂല്യമാണ്. അതിലുപരി, ഇവിടുത്തെ ജനങ്ങളെ അപേക്ഷിച്ച് നാം എത്രത്തോളം അശ്രദ്ധരാണെന്നതും ഒരു യാഥാർഥ്യമാണ്. ബൗദ്ധിക വിദ്യാഭ്യാസത്തിന്റെ കുത്തൊഴുക്കും, മത വിദ്യാസ ദൗർലഭ്യവും മൂലം പുതു തലമുറയിൽ മത പരമായ അനുഷ്ടാങ്ങൾ ഏറെ പിറകോട്ടടിക്കുന്നത് വസ്തുതയാണ്. അതിലുപരി, പാശ്ചാത്യ സംസ്കാര-ജീവിത രീതികളുടെ കടന്ന് വരവും, അറിവില്ലായ്മകൊണ്ട് ബുധ്ധിസത്തിന്റെയും കൺഫ്യൂഷനലിസത്തിന്റെയും ചില വിശ്വാസ പ്രമാണങ്ങളുമായുള്ള കൂട്ടിക്കുഴക്കലുകളുമെല്ലാം പുതു തലമുറയിൽ മത പരമായ ചൈതന്യം കുറക്കുന്നുണ്ടെന്നത് പല നിരീക്ഷണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും, പല പോരാട്ടങ്ങളും പലായനങ്ങളും സാംസ്കാരിക വൈരുധ്യങ്ങളും തരണം ചെയ്ത ഈ ചെറു സമൂഹം വളരെ കരുതലോടെ ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(ചന്ദ്രിക ദിനപത്രത്തിലെ വാരാന്തപ്പതിപ്പിൽ 04/11/2018 ന്  പ്രസിദ്ധീകരിച്ചതാണ്)

Edited: ഫോട്ടോ പിന്നീട് പോസ്റ്റിനോട് കൂടെ ചേർത്തതാണ്

IMG_5252

Advertisements