Tags

, , , , ,

ദേ, ലെവനാണ് നമ്മളെ റിഷി. ഈ വെളുത്ത കുപ്പായമൊക്കെ ഇട്ട്, നല്ല കട്ടി മീശയൊക്കെ വെച്ച് നിൽക്കുന്ന മച്ചാനെ, നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് പാലേമാട് സ്കൂളിൽ വെച്ച് പരിചയപ്പെടുന്നത്. അതും മേരി ടീച്ചറുടെ ക്ലാസ്സിലിരിക്കുന്ന എന്റടുത്തേക്ക് വേറെവിടുന്നോ കെട്ടിയെടുത്തതാണ്. അന്ന് മുതലിങ്ങോട്ട് ഞമ്മളെ നല്ലൊരു സുഹൃത്താണ്. സംഗതി ആളൊരു ഇടത് വിപ്ലവ സഖാവൊക്കെയാണെങ്കിലും സാധു മനുഷ്യനാണ്. പാലേമാട് സ്കൂളിൽ പല വർഷങ്ങളിലും ഞങ്ങൾക്കൊരുമിച്ചിരുന്ന് പഠിക്കാൻ അവസരമുണ്ടായിട്ടുണ്ട്. അതിൽ എട്ടാം ക്ലാസ്സിലാണ് ബെസ്ററ് സമയം. പ്രത്യേകിച്ച് കണക്ക് ടീച്ചറുടെ ക്ലാസ്സിൽ. ഞങ്ങൾ കണക്കിൽ ബല്ല്യ പുലികളായതോണ്ട് പോളിനോമിയലും, സർവ്വസമവാക്യങ്ങളൊന്നും വല്ലാതെ കലങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ കണക്ക് ക്ലാസ്സിലങ്ങനെ വെറുതെ ഓരോ തമാശയൊക്കെ പറഞ്ഞങ്ങനെയിരിക്കും. കുറെ കഴിയുമ്പോൾ ചിരിയടക്കാൻ പറ്റാതെ വരുന്ന സമയത്താണ് ടീച്ചറുടെ ഫൈറിങ് ഉണ്ടാവുക.

“ചിരിച്ചോ ചിരിച്ചോ, പരീക്ഷക്ക് കിട്ടുന്ന ‘മുട്ട’യെല്ലാം കൊട്ടയിലല്ലേ കൊണ്ടുപോകുന്നത്, അതൊണ്ടിങ്ങനെ ചിരിച്ചിരുന്നോ. കൊട്ടക്കണക്കിലല്ലേ മാർക്ക്” എന്ന സ്ഥിരം ചീത്ത കേട്ടാലും ഞങ്ങൾക്ക് വല്യ മാറ്റമൊന്നുമുണ്ടാവില്ല. എങ്ങനെയെങ്കിലുമൊക്കെ പരീക്ഷക്ക് ജയിക്കാൻ നോക്കണം എന്ന ഒരു ചിന്ത മാത്രം അപ്പോഴും ഉള്ളിലുണ്ടാവും. ശ്രദ്ധിച്ചിരിന്നിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമില്ലല്ലോ.

ആയിടെയാണ് ഓണപ്പരീക്ഷ വന്നത്. അതും ഞങ്ങളെയൊക്കെ നന്നായി അറിയുകയും വളരെ സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന ഒരു ഹിന്ദി ടീച്ചറാണ് ഇൻവിജിലേറ്റർ. കണക്ക് പരീക്ഷയാണെന്നൊന്നും നോക്കിയില്ല, നല്ല ഹിസ്റ്ററി പരീക്ഷ പോലെ വെച്ച് കാച്ചി. സംഭവം എഴുതി എഴുതി പേജിന്റെ എണ്ണത്തിൽ ഒരു റെക്കോർഡ് ഇടാറായി. ഏകദേശം ഓരോ അഡിഷണൽ ഷീറ്റിന്റെ പേജിലും ഓരോ മാർക്ക് കിട്ടിയാൽ പോലും കണക്കിന് ഈസിയായി ജയിക്കുന്ന തരത്തിലായിരുന്നു എഴുത്ത്. അതും പോളിനോമിയലൊക്കെ വിസ്തരിച്ച് “x” ന്റെയും “y” ടെയും നിലയും വിലയുമൊക്കെ സ്വന്തമായുണ്ടാക്കിയ പുതിയ സിദ്ധാന്തം കൊണ്ട് കണ്ടുപിടിച്ചു. സംഗതി, എങ്ങനെയെങ്കിലുമൊക്കെ ഒന്ന് പാസ്സാകണം എന്ന് മാത്രമേ ഒള്ളു.

ഓണാവധിയൊക്കെ കഴിഞ്ഞു ക്ലാസ്സിലെത്തിയപ്പോഴാണ് പേപ്പർ കിട്ടിയത്. എന്തായാലും ഇത്തവണയെങ്കിലും ഒന്ന് ജയിക്കുമെന്നും പ്രതീക്ഷിച്ചിരുന്ന എനിക്ക് പത്തിന് താഴെയാണ് മാർക്ക് വന്നത്. അത് കണ്ട റിഷി മച്ചാൻ പിന്നേം ചിരിക്കാൻ തുടങ്ങി. പിന്നെ അവന്റെ വക ഒരു സ്പെഷ്യൽ ഉപദേശവും,

“എടാ നീയെന്തിനാടാ ഇത്രേം കുത്തിയിരുന്നെഴുതിയത്. ഏതായാലും ജയിക്കൂലല്ലോ. നീ എന്റെ മാർക്ക് കണ്ടോ? ഇത്ര കുറച്ച് പേപ്പറിലെഴുതിയിട്ടും നമ്മക്ക് രണ്ടിനും ഏകദേശം ഒരേ മാർക്ക്. വെറുതെ പേനയിലെ മഷി തീർക്കാൻ”.

സത്യത്തിൽ ഇന്നും എന്തിനാണ് അതെല്ലാം പഠിച്ചതെന്ന് മനസ്സിലായിട്ടില്ല. പല തവണ ആലോചിച്ചിട്ടും, പലരോടും ചോദിച്ചിട്ടും ജീവിതത്തിൽ ഈ സർവ്വ സമവാക്യങ്ങളൊക്കെ എന്തിന് പഠിച്ചു എന്നതിനൊരു വ്യക്തമായ ഉത്തരവുമില്ല. ചിലർക്കൊക്കെ ഉപകാരപ്പെട്ടേക്കാം (ദയവായി കണക്ക് ടീച്ചർമാരൊക്കെ ക്ഷമിക്കണം). എങ്കിലും അന്ന് പറഞ്ഞ പല തമാശകളൊക്കെ ഇന്നും ഞങ്ങൾ കാണുമ്പോൾ പങ്കു വെക്കാറുണ്ട്. എന്തായാലും സർവ്വ സമവാക്യങ്ങൾ കൊണ്ടൊരു ഗുണം കിട്ടിയില്ലെങ്കിലും, എനിക്കഭിമാനിക്കാം നിഷ്കളങ്കനായ നല്ലൊരു കൂട്ടുകാരനെ കിട്ടിയതിൽ. മച്ചാന്, പടച്ചോൻ എന്നും നന്മ നൽകട്ടെ..!

Advertisements