Tags

, , , , , , , , , , , ,

ഈ തമിഴ് ഭാഷ ഒരു സംഭവാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി രജനികാന്തിന്റെ സിനിമ കാണുന്നത്. അതുവരെ മലയാളത്തിൽ കണ്ടുകൊണ്ടിരുന്ന ജോസഫ് അലക്സും, ഭാരത് ചന്ദ്രനും, മംഗലശ്ശേരി നീലകണ്ഠനുമൊന്നുമില്ലാത്തൊരു പ്രത്യേക ഫീലിംഗ് ആ “ബാഷ” സിനിമയിലുണ്ടായിരുന്നു. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ തമിഴ് മാത്രമറിയുന്ന എനിക്ക്, ആ തമിഴ് സിനിമയിലെ സംഭാഷണങ്ങളൊന്നും കാര്യമായി മനസ്സിലായില്ലെങ്കിലും, രജനി അണ്ണന്റെ പഞ്ച് ഡയലോഗ് നന്നായി ഇഷ്ട്ടപ്പെട്ടു. പിന്നീടങ്ങോട്ട് തമിഴ് സിനിമകളുടെ ഘോഷയാത്രയായിരുന്നു. കമലിന്റെയും സത്യരാജിന്റെയും വിജയകാന്തിന്റെയുമൊക്കെയായി ഒരുപാടങ്ങട് ആസ്വദിച്ചു. അതിനിടയിലാണ് തമിഴ് ഭാഷ പഠിക്കാനൊരു താല്പര്യം വന്നത്. അങ്ങനെ പതതാം ക്ലാസ് കഴിഞ്ഞു മലപ്പുറത്ത് ഉമ്മാന്റെ വീട്ടിൽ പോയപ്പോഴാണ് കുറേ തമിഴന്മാരെ കാണാൻ കഴിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല, റോഡ് പണിക്ക് വന്ന ഒരു അണ്ണന്റെ കയ്യിൽ നിന്നും അക്ഷരങ്ങളെല്ലാം എഴുതിവാങ്ങിച്ച്, സ്വയം വീട്ടിലിരുന്ന് എഴുതി പഠിച്ചു (സത്യം പറഞ്ഞാൽ എന്റെ ആദ്യാക്ഷര തമിഴ് ഗുരുവിന്റെ പേര് പോലും ഇന്ന് ഓർമ്മയില്ല).

ഒരുപാട് തമിഴ് സിനിമകളൊക്കെ കണ്ട പ്രാന്ത് കൊണ്ടാണോ, അതോ നാട്ടിലെ മിക്ക ആളുകളും പുറത്ത് പഠിക്കാൻ പോകുന്നത് കൊണ്ടാണോ എന്നറിയില്ല. പതതാം ക്‌ളാസ്സിലൊക്കെ പഠിക്കുന്ന സമയത്ത്, എല്ലാവരെയും പോലെ എനിക്കും തമിഴ്നാട്ടിലൊക്കെ പോയി പഠിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ പിന്നെയും രണ്ട് വര്ഷം കഴിഞ്ഞു. ഞാൻ പ്ലസ് ടു പരീക്ഷയൊക്കെ കഴിഞ്ഞു നിൽക്കുമ്പോഴാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയെഴുതി ഡോക്ടറാകണം എന്ന വെളിപാടുണ്ടായത്. പിന്നീട് കൂടുതൽ ആലോചിച്ച് സമയം കളയാനൊന്നും നിന്നില്ല, നേരെ തൃശൂരിലെ ചൈതന്യ ക്ലാസ്സിൽ പോയങ്ങട് ചേർന്നു. ഒത്താൽ ഒത്തു എന്ന മട്ടിൽ ഒന്ന് ശ്രമിച്ചെങ്കിലും, റിസൾട് വന്നപ്പോൾ ബല്ല്യ റാങ്ക് കിട്ടി അവിടെയും മൂഞ്ചി. എല്ലാ ദിവസവും ചക്കയിടുമ്പോൾ മുയലിനെ കിട്ടണമെന്നില്ലല്ലോ.!
(എങ്കിലും ഒറീസ്സയിലെ കലിംഗ യൂണിവേഴ്സിറ്റി (KIIT University) എൻട്രൻസിലൂടെ BDS സീറ്റ് കിട്ടിയിരുന്നു. ഒരു ദന്ത ഡോക്ടറായാൽ, ജീവിതം തന്നെ മുഴുവൻ സമയ “വായ” നോട്ടമാകുമോ എന്നൊരു സംശയം കൊണ്ട് ഞമ്മളത്‌ നൈസായി ഒഴിവാക്കി).

അങ്ങനെ ആ പഴയ തമിഴ്‌നാട്ടിൽ പഠിക്കാനുള്ള ആഗ്രഹം വീണ്ടും പൊടി തട്ടിയെടുത്ത് തിരുച്ചിയിലേക്ക് ട്രെയിൻ കയറി. യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയിലൂടെ തമിഴ്‌നാട് സർക്കാരിന്റെ ഭാരതീദാസൻ സർവ്വകലാശാലയിൽ ആറ് വർഷത്തെ എം.ടെക് ബയോടെക്നോളജി കോഴ്സിൽ അഡ്മിഷനും കിട്ടി. തിരുച്ചിയിലെ യൂണിവേഴ്സിറ്റിയിൽ കൂടുതലും മിഡിൽ ക്ലാസ് കുടുംബങ്ങളിലുള്ള തമിഴ് വിദ്യാർത്ഥികളായിരുന്നു. അതിലുപരി മലയാളികളും മറ്റു ഭാഷക്കാരും വളരെ കുറവും. എന്റെ ക്‌ളാസ്സിലാണെങ്കിൽ ഞാൻ മാത്രമാണ് തമിഴനല്ലാത്തത് എന്ന പ്രത്യേകതയുമുണ്ട്. ഈ സമയത്താണ് പണ്ട് പഠിച്ച തമിഴ് അക്ഷരങ്ങളുടെ ഗുണങ്ങളൊക്കെ മനസ്സിലായിത്തുടങ്ങിയത്. ബസ്സിന്റെയും കടകളുടെയും ബോർഡുകൾ വായിക്കാനും മറ്റുള്ളവരോട് സംസാരിക്കാനുമൊക്കെ ഒരു ധൈര്യം വന്നു തുടങ്ങി. സർക്കാർ സ്ഥാപനമായതിനാലും “തമിഴ് മൊഴി നീണാൾ വാഴണം” എന്ന് സർക്കാർ തലത്തിൽ തന്നെ വാശിയുള്ളതിനാലും, ഞങ്ങളുടെ കോഴ്സിലും ഒരു വർഷം തമിഴ് പഠിക്കൽ നിർബന്ധമാക്കി. അങ്ങനെ ഔദ്യോഗികമായി രണ്ട് സെമസ്റ്റർ തമിഴും പഠിച്ച്, പഴയ എന്റെ ആഗ്രഹം ഞാനങ്ങട് സാക്ഷാത്കരിച്ചു. അതിന്റെ ഗുണം കൊണ്ട്, ന്യൂസ് പേപ്പർ മുതൽ തിരുക്കുറലും, വൈരമുത്തുവിന്റെ “മൂന്ദ്രാം ഉലകപ്പോർ” വരെ വായിക്കാൻ കഴിഞ്ഞു.

കോളേജ് ജീവിതത്തിൽ അഞ്ചര വർഷം കഴിയുമ്പോൾ ചെന്നൈ, കോയമ്പത്തൂർ, തിരുനെൽവേലി, തിരുച്ചി, പുതുക്കോട്ടൈ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിലെ തമിഴ് ഭാഷാ വ്യത്യാസങ്ങൾ മനസ്സിലാക്കാനും സാധിച്ചിരുന്നു (എന്നാലും ശ്രീലങ്കൻ തമിഴാണ് എനിക്ക് കൂടുതൽ കേൾക്കാനിഷ്ടം). അവസാന സെമസ്റ്ററിൽ ഡൽഹിയിലെ CSIR-IGIB യിൽ പ്രൊജക്റ്റ് കിട്ടി, തിരുച്ചിയിൽ നിന്നും വണ്ടി കയറുമ്പോൾ സ്കൂളിൽ പഠിച്ച ഹിന്ദിയൊന്ന് മെച്ചപ്പെടുത്തിയെടുക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാൽ അതിനുള്ളിലാണെങ്കിൽ (CSIR-Institute of Genomics and Integrative Biology) ഒരു “ചിന്ന തമിഴ്”നാടാണ് എന്നെ കാത്തിരുന്നത്. ഒട്ടുമിക്ക ആളുകളും തമിഴ്‌നാട്ടിൽ ഉള്ളവരായതിനാൽ, ഞാൻ അവരോട് തമിഴ് സംസാരിക്കുന്നത് കണ്ട അവിടെയുള്ളവരെല്ലാം എന്നെയും തമിഴനാക്കി. ഈ അവസരത്തിൽ ഹിന്ദി പഠിക്കാനുള്ള ഞമ്മളെ മോഹവും അകാലത്തിൽ പൊഴിഞ്ഞില്ലാണ്ടായി. ഇതെല്ലാം പോട്ടേന്ന് വെക്കാം, നമ്മുടെ നാട്ടീന്ന് ബീമാനം കേറി, ഇപ്പോൾ തായ് വാനിലെ യൂണിവേഴ്സിറ്റിയിൽ നിൽക്കുമ്പോഴും, ആ തമിഴ് എന്നെ വിട്ട് പിരിഞ്ഞിട്ടില്ല. കേവലം ഞങ്ങൾ രണ്ട് മലയാളികളുള്ള ഇവിടെയും തമിഴ് മക്കൾ തന്നെയാണ് ഞമ്മക്ക് കൂട്ട്. അങ്ങനെ ഇവിടെയും മലയാളം ഞമ്മക്ക് രണ്ടാം ഭാഷയായി.
ആഹ്… ഇതൊക്കെ ആരോട് പറയാൻ, ആര് കേൾക്കാൻ.?!!
എന്തായാലും തമിഴ് എന്നേം കൊണ്ടേ പോകൂ.

Advertisements