പുതിയ ലാബിനുള്ളിൽ…

Tags

, , , ,

ഒരു സ്ഥലത്ത് നിൽക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നേം അവിടെ ചുറ്റിപ്പറ്റി തുടരുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലാത്തതിനാൽ, രണ്ടും കൽപ്പിച്ച് ലാബിൽ നിന്നും മീനിന് കാൻസർ ഉണ്ടാക്കുന്ന കലാപരിപാടി നിർത്താൻ തീരുമാനിച്ചു. അത് എന്റെ പ്രൊഫസറോട് മാന്യമായി പറയുകയും ചെയ്തു. അദ്ദേഹം ആദ്യമൊന്നും കാര്യമായി എടുത്തില്ലെങ്കിലും, പിന്നീട് സംഗതി ഗൗരവമാണെന്ന് മനസ്സിലായപ്പോൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പിടിച്ച് നിർത്താൻ നോക്കി. ഈ സമയത്ത് തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായ ചൈനീസ് കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടെ സൗജന്യമായ ഉപദേശവും സ്വീകരിക്കാനുള്ള അവസരം ലഭിച്ചു. എങ്കിലും തീരുമാനത്തിൽ ഉറച്ച് നിന്നതിനാൽ, അവരെല്ലാവരും അവസാനം എന്റെ ഇഷ്ടം പോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും നൽകി. വൈകിട്ട് നാലുമണി കഴിഞ്ഞു, ഇത്രയും കാലം കലക്കി മറിച്ച DNA യുടെയും RNA യുടെയും സാമ്പിളുകളും, ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ബാധ്യതകളുടെ പുസ്തകവും (ലാബ് നോട്ട് ബുക്ക്) ഡോ. ലിയാങ് അമ്മച്ചിയെ ഏൽപ്പിച്ചാണ് പടിയിറങ്ങിയത്. രണ്ടും കൽപ്പിച്ചിറങ്ങിയതിനാൽ, ഇനി നാട്ടിൽ പോകേണ്ടി വരുമോ എന്ന ഭയം ഇല്ലാന്നില്ല. പക്ഷെ നാല് വർഷത്തെ സ്കോളർഷിപ്പാണ് യൂണിവേഴ്സിറ്റി നൽകിയിരിക്കുന്നത്, അതും സൗജന്യ താമസ സൗകര്യവും. അങ്ങനെ അഞ്ചാം നിലയിൽ നിന്നും ഇറങ്ങി, നേരെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെത്തി നടന്ന കാര്യങ്ങളെല്ലാം നമ്മുടെ തമിഴ് മക്കളോട് വിശദീകരിച്ചു. ആദ്യമൊക്കെ പഴയ ലാബിലേക്ക് തിരിച്ച് കയറാൻ പറഞ്ഞെങ്കിലും, പിന്നീട് വേറൊരു ലാബ് നോക്കാനുള്ള ഉപായവും അവർ തന്നെയാണ് മുന്നോട്ട് വെച്ചത്. അങ്ങനെ പുതിയൊരു താവളം തേടാൻ തുടങ്ങി. സാറയും (ഇന്തോനേഷ്യ) അലിയും (പാക്കിസ്ഥാൻ) മത്സരിച്ച് സഹായിക്കുമ്പോൾ പിന്നെന്തിനാണൊരു പേടി. അങ്ങനെ ഡോ. TYW ന്റെ ലാബ് കണ്ടു പിടിച്ചു (ചൈനീസ് പേര് ഇച്ചിരി കട്ടിയായതുകൊണ്ടാണ് പ്രൊഫെസ്സറുടെ പേര് ചുരുക്കി എഴുതിയത് 😉 താഴെ ഫോട്ടോയിലുള്ള വ്യക്തിയാണ് Dr. TYW).

111

വെള്ളിയാഴ്ച അദ്ദേഹത്തെ നേരിൽ കാണാൻ ചെല്ലുമ്പോൾ ഇച്ചിരി തിരക്കിൽ എങ്ങോട്ടോ പോകുകയായിരുന്നു. ഞാനൊന്ന് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ, നീ മെയിൽ അയച്ചാൽ മതി, ഇപ്പൊ ഒരു സ്ഥലം വരെ പോകാനുണ്ടെന്നും പറഞ്ഞു. അങ്ങനെ രാത്രി തന്നെ അയച്ച മെയിലിന് റിപ്ലൈ വന്നു. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഓഫീസിൽ വരണമെന്നും, നമുക്ക് കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞപ്പോൾ ഒന്ന് തുള്ളിച്ചാടാൻ തോന്നി. എന്തായാലും കാണാമെന്ന് പറഞ്ഞതിനാൽ കുറച്ച് കാര്യങ്ങളൊക്കെ വായിച്ച് ഒരു ധൈര്യത്തിൽ പോകാമെന്ന സമാധാനത്തിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അടുത്ത മെയിൽ വരുന്നത്.

“എനിക്ക് തിങ്കാളാഴ്ച്ച 10 മണിക്കൊരു മീറ്റിംഗ് ഉണ്ട്. നമുക്ക് 11.30 ന് കണ്ടാൽ പോരെ?. നമ്മുടെ മീറ്റിംഗ് സമയം മാറ്റേണ്ടിവന്നതിനാൽ താങ്കളെന്നോട് ക്ഷമിക്കണം. ആയതിനാൽ, അന്നത്തേക്കുള്ള താങ്കളുടെ ഉച്ച ഭക്ഷണം ഞാൻ നൽകുന്നതാണ്. നമുക്കൊരുമിച്ച് ഭക്ഷണം കഴിച്ചതിന്ശേഷം ഗവേഷണത്തെക്കുറിച്ച് സംസാരിക്കാം”

ശെരിക്കും ഞാൻ ഞെട്ടിപ്പോയി, എന്റെ ആവിശ്യത്തിന് അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ചോദിച്ച എന്നോട് ഇത്രയും മാന്യമായി പെരുമാറിയ ആ മനുഷ്യനോട് എനിക്ക് വളരെ ബഹുമാനം തോന്നി. അതും എന്റെ പിതാവിന്റെ പ്രായത്തിലുള്ളൊരു വ്യക്തി നമ്മെ ഇത്രത്തോളം സ്‌നേഹിക്കുമ്പോൾ. അങ്ങനെ തിങ്കളാഴ്ച്ച പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തെ കണ്ടുമുട്ടാൻ സാധിച്ചു. കൂടുതലൊന്നും പറഞ്ഞില്ല, എന്നെക്കുറിച്ച് കൂടുതൽ അറിയാനും താല്പര്യമില്ല. എന്തിനാണ് നീ ലാബ് മാറിയതെന്ന് പോലും ചോദിച്ചതുമില്ല. എല്ലാം നിഷ്കളങ്കമായ ചിരിയിലൂടെ, സൗമ്യമായ സംസാരത്തിലൂടെ അദ്ദേഹം കാര്യങ്ങൾ പറഞ്ഞു (ഇന്ത്യയിൽ എവിടെയാണെന്നും, അവിടെയുള്ള കൊതുക് തായ് വാനിലെ കൊതുകിനെപ്പോലെയാണോ എന്നുമുള്ള കുശലാന്വേഷണങ്ങളും തമാശകളും മാത്രം). പിന്നീട് കുറച്ച് ഗവേഷണ പേപ്പറുകൾ നൽകി, ഇതെല്ലാം വായിക്കണമെന്നും, നാളെ കാര്യങ്ങളെല്ലാം സംസാരിക്കാമെന്നും പറഞ്ഞു. ശേഷം പുതിയ ലാബിലെ പുതിയ സുഹൃത്തുക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാവരും തായ് വാനികളാണ്. കൂടുതലൊന്നും ഇംഗ്ലീഷിൽ പ്രഗത്ഭരല്ലെങ്കിലും, മറ്റുള്ളവരെ നന്നായി ബഹുമാനിക്കാനറിയുന്നവരും, പെട്ടെന്ന് സൗഹൃദത്തിലാവുന്നവരുമാണ് തായ് വാനികൾ. അധികം ആരേയും ചൊറിയാനോ, ബുദ്ധിമുട്ടിക്കാനോ നിൽക്കാത്ത പ്രാകൃതമുള്ളവർ. അതുകൊണ്ട് തന്നെ നന്നായി പരിചയപ്പെടാനും, എളുപ്പത്തിൽ സുഹൃത്തുക്കളാവാനും സാധിച്ചു. അങ്ങനെ പുതിയ പ്രൊഫെസ്സറുടെ കൂടെ പുതിയ ലാബിലും കയറിക്കൂടി. ഇനിയുള്ള കാര്യങ്ങളെല്ലാം വഴിയേ പറയാട്ടോ..!

Advertisements

ബീഫിലാണ് തുടക്കം

Tags

, , , , ,

333w

ഇതാണ് ഞമ്മളെ ഉസ്മാൻ സാഹിബ്. ഒരു പാവം, നല്ലൊരു മനുഷ്യ സ്‌നേഹി. എല്ലാ വെള്ളിയാഴ്ച്ചയും പള്ളിയിൽ വരുമ്പോൾ സംസാരിക്കണമെന്ന് കരുതും. അങ്ങനെ ഇന്നാണ് സന്ദർഭം ഒത്തു വന്നത്. ആളെ കണ്ടാൽ ഒരു ഇന്ത്യൻ, അല്ലെങ്കിൽ ബംഗ്ലാദേശി ആണെന്നേ പറയു.. പക്ഷെ ആള് നല്ല അടിപൊളി സുഡാനിയാണ്. (കണ്ടാൽ പറയില്ലാല്ലേ 😛 ). മാതൃഭാഷ അറബിയാണെങ്കിലും, സാഹിബ് ഇംഗ്ലീഷും ചൈനീസും പൊളപ്പനായി സംസാരിക്കും. അതിലേറെ രസം, ഇരുപത് വര്ഷം മുമ്പ് ഇവിടെ വന്ന ആളിപ്പോ ഇവിടെത്തന്നെ പെണ്ണൊക്കെ കെട്ടി കുടുംബ സമേതം കഴിഞ്ഞുപോകുന്നു. എങ്കിലും കൊല്ലത്തിലൊരിക്കൽ എല്ലാവരും സുഡാനിൽ പോകാറുണ്ടെന്നും, തായ് വാനിയായ തന്റെ ഭാര്യക്ക് സുഡാനിൽ ജീവിക്കാനാണ് താൽപര്യമെന്നും പറഞ്ഞു. അങ്ങനെ ആളെ പരിചയപ്പെട്ടതുകൊണ്ട് ഇവിടുത്തെ ഹലാൽ കടകളൊക്കെ കാണിച്ച് തന്നു. എന്തായാലും സൗഹൃദം കൊള്ളാം, അതും ബീഫിലാണ് തുടക്കം 🙂

നീരാളിയാണ് താരം

Tags

, , , , , , , ,

111

തിങ്കളാഴ്ച ഉച്ച കഴിഞ്ഞു ചൈനീസ് കൾച്ചർ യൂണിവേഴ്സിറ്റിയിലായിരുന്നു (CCU) ലാബ് മീറ്റിംഗ്. അങ്ങനെ രാവിലെ ഭക്ഷണം കഴിച്ച് എല്ലാവരും തായ്‌പേയ് ലേക്ക് പുറപ്പെട്ടു. നല്ല അടിപൊളി സ്ഥലം, അതും ഒരു കുന്നിനു മുകളിൽ. CCU വിലെ പെണ്കുട്ടികളെല്ലാം നല്ല ഭംഗിയുള്ളവരാണെന്നും, വേണമെങ്കിൽ ഗേൾ ഫ്രണ്ടിനെ നോക്കിക്കോളൂ എന്നും എന്റെ പ്രൊഫസർ തമാശ രൂപത്തിൽ പറഞ്ഞു. എന്തായാലും ഞമ്മളെ മലപ്പുറത്തിന്റെ മൊഞ്ചൊന്നുമില്ലാട്ടോ ..അതോണ്ട് ഞമ്മക്ക് തീരെ താല്പര്യമില്ല. അങ്ങനെ വൈകിട്ട് മീറ്റിംഗ് കഴിഞ്ഞു റൂമിലെത്തുമ്പോൾ രാത്രി ഒൻപത് കഴിഞ്ഞിരുന്നു. എന്തായാലും ഈ സമയത്തിനി ഭക്ഷണം ഉണ്ടാക്കാൻ ക്ഷമയില്ലാത്തതിനാൽ ഞാൻ നൈറ്റ് മാർക്കെറ്റിൽ പോയി എന്തെങ്കിലും കഴിക്കാമെന്നു വിചാരിച്ചു. സാധാരണ രാത്രി 9 മണിക്ക് തന്നെ ഹോട്ടലുകളെല്ലാം അടക്കും, ഇനി തുറന്നാൽ തന്നെ ഹലാൽ ഫുഡ് കിട്ടുമെന്ന് പ്രതീക്ഷയുമില്ല. എന്നാലും അങ്ങട് വെച്ച് പിടിച്ചു. എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ മതി എന്നായിരുന്നു ചിന്ത. അങ്ങനെ സ്ഥിരമായി പോകാറുള്ള കൂൺ കട അടച്ചതിനാൽ അപ്പുറത്തുള്ള ഒരു കടയിൽ കയറി. മുട്ട രൂപത്തിലുള്ള എന്തോ ഉണ്ടകൾ പൊരിച്ചെടുക്കുന്നത് കണ്ടപ്പോൾ, ഞാൻ അത് മുട്ടയാണോ എന്ന് ചോദിച്ചു. അവർക്കു ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ഞാൻ ആ വഴി വന്ന ഒരു കുട്ടിയോട് ഇതെന്ത് സംഭവമെന്നും, മുട്ട അതിൽ ഉണ്ടോ എന്നും ചോദിച്ചു. ഇതിൽ മുട്ടയുണ്ടെന്നും, പന്നിയിറച്ചിയല്ലെന്നും പറഞ്ഞ സമാധാനത്തിൽ ഞാൻ ആറെണ്ണം വാങ്ങിച്ചു. അങ്ങനെ ഭക്ഷണം കണ്ട ആക്രാന്തത്തിൽ ഒന്നെടുത്ത് കഴിച്ചപ്പോഴാണ് എന്തോ ഇറച്ചിയുടെ കഷ്ണമുള്ളത് പോലെ തോന്നിയത്. പെട്ടെന്ന് ഹോസ്റ്റലിലേക്കോടി അടുത്ത റൂമിലെ ചെക്കനോട് ഇതെന്താണെന്നു ചോദിച്ചു. അവനും പറഞ്ഞു ഇത് ചിക്കനും മട്ടണും ബീഫും അല്ലാന്ന്. പിന്നെ ഒന്നും നോക്കിയില്ല കംപ്ലീറ്റ് അകത്താക്കി. കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു പറഞ്ഞു അതിനുള്ളിൽ നീരാളി ആയിരുന്നെന്ന്. എന്തായാലും ഇത് വാങ്ങിയപ്പോൾ തന്നെ ആ കടക്കാരനോട് ചോദിച്ചതാണ് ഇത് മുട്ടയാണോ എന്ന്. ഇനി പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഒരു ഫുഡും കഴിച്ചു. 😉

മതേർസ് ഡെ

Tags

, , , , , , ,

a

വൈകിട്ട് ഹോസ്റ്റലിലെത്തിയപ്പോഴാണ് മേശയിൽ കുറെ ഗ്രീറ്റിംഗ് കാർഡുകൾ കാണുന്നത്. അതിനെക്കുറിച്ചുള്ള അറിയിപ്പാണെങ്കിൽ ചൈനീസിലും. സംഗതി പിടികിട്ടാതായപ്പോൾ മ്മടെ ചൈനീസ് മച്ചാനോട് കാര്യം തിരക്കി. മെയ് 14 ന് “മതേർസ് ഡെ” ആയത് കൊണ്ട് വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് അയക്കാൻ വെച്ചതാണെന്നും, എനിക്കും ഒരെണ്ണം എടുക്കാമെന്നും പറഞ്ഞു. എന്തായാലും സംഭവം എല്ലാവരും എടുത്ത് ജോറാക്കുന്നുണ്ട്. ഇവിടെ വർധിച്ചു വരുന്ന “ലിവിങ് ടുഗെതർ” സമയത്തും ഇങ്ങനുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത് നല്ലത് തന്നെ. ചിലപ്പോൾ, കുടുംബ മൂല്യങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതൽ ചിന്തിക്കാനായിരിക്കാം ഇതുപോലുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ചെയ്യുന്നത്. എന്തൊക്കെയായാലും സംഗതി കൊള്ളാം.അങ്ങനെ ഞമ്മളും ഒന്നെടുത്തു 🙂

സേവനമാണ് രാഷ്ട്രീയം

Tags

, , , , , , , , , , , , , , , ,

55

ആരോഗ്യകരമായ സംവാദങ്ങൾക്ക് ഫേസ്ബുക്ക് നല്ലൊരിടമാണ്. വ്യത്യസ്ത സ്വഭാവവും ആശയ ആദർശങ്ങളുമുള്ള ആളുകൾ കൂടുതലുള്ളതിനാൽ പല കാര്യങ്ങളും നമുക്ക് പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്നു എന്നത് ഇതിന്റെ ഗുണവശമാണ്. പക്ഷെ, ഏത് വിഷയമായാലും മാന്യതയോടും പരസ്പര ബഹുമാനത്തോടും വ്യക്തതയോടും കൂടി, സ്വന്തമായ കാഴ്ച്ചപ്പാടുകളെ വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് കഴിയാത്തവർ, തങ്ങൾ തോറ്റുപോകുമോ എന്ന ഭയം കാരണം, അല്ലെങ്കിൽ ആശയ ദാരിദ്യം കൊണ്ട് എതിർ അഭിപ്രായമുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ, മാന്യതയില്ലാത്ത വാക്കുകൾ ഉപയോഗിച്ച് നിരുത്സാഹപ്പെടുത്താനോ ശ്രമിക്കുന്നത് ഈ കാലഘട്ടത്തിന്റെ അപചയമാണ്. തീർച്ചയായും നമുക്കാർക്കും ഡോ. എം.ജി.എസ്. നാരായണനെ പോലെ വിശദമായ ചരിത്രപരിചയമോ, ചോ രാമസ്വാമിയെപ്പോലെ കൂടുതൽ രാഷ്ട്രീയ വിജ്ഞാനമോ ഉണ്ടാകണമെന്നില്ല. എങ്കിലും ഒന്ന് പറയട്ടെ, ഒരു കാര്യം ചർച്ച ചെയ്യുമ്പോൾ സ്വന്തം ആശയം വ്യക്തമായി അവതരിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് പകരം തീരെ, അല്ലെങ്കിൽ കേവല നിലവാരത്തിലുള്ള ഏതെങ്കിലും ഫേസ്ബുക്ക് കമന്റുകളോ വാട്സപ്പ് മെസ്സേജുകളോ അല്ല ഉപയോഗിക്കേണ്ടത്. അത് സ്വയം തരം താഴലും, നമ്മുടെ വ്യക്തിത്വം കളഞ്ഞുകുളിക്കലുമാണ്. ഒരു പശുവിനെക്കുറിച്ച് വിശദീകരിക്കാൻ പറഞ്ഞാൽ, ആ പശുവിനെ കെട്ടിയിട്ട മരത്തിനെക്കുറിച്ചും അതിനെ ചുറ്റിപറ്റി നിൽക്കുന്ന അന്ധവിശ്വാസങ്ങളെ ക്കുറിച്ചും പറയുന്നത് പോലെയാണ് ലീഗിന്റെ വർഗീയതയെക്കുറിച്ച് ചോദിക്കുമ്പോൾ ഐസ് ക്രീം കേസിനെക്കുറിച്ചും മലപ്പുറം ജില്ലാ വിഭജനത്തെക്കുറിച്ചും പറയുന്നത്. ഐസ്ക്രീം കേസിനു തെളിവില്ലെന്ന് നിയമ മന്ത്രി ബാലൻ തന്നെ പറഞ്ഞതാണ്. പിന്നെ ജനങ്ങളും ഭരണ നിർവഹണവും കൂടുന്നതനുസരിച്ച് ജില്ലകളെ മുമ്പ് വെട്ടിക്കീറിയിട്ടുണ്ട്. അത്, അതാത് സർക്കാരുകളും വിവിധ രാഷ്‌ടീയ പാർട്ടികളും ചേർന്ന് ഓരോ പ്രദേശത്തിന്റെയും വികസനത്തിന് വേണ്ടി എടുത്ത തീരുമാനമാണ്. അത് സഖാവ് ഇ.എം.എസ് മലപ്പുറം രൂപീകരിച്ചപ്പോഴും ലീഡർ കെ. കരുണാകരൻ പത്തനം തിട്ട രുപീകരിച്ചപ്പോഴും സമൂഹം കണ്ടതാണ് (ഇനി രാഷ്ട്രീയമായി നോക്കുകയാണെങ്കിൽ രണ്ടിനും മൂല കാരണം ഒന്ന് തന്നെ, രണ്ടു മുഖ്യമന്ത്രിമാരും സ്വന്തം കസേര നിലനിർത്താനും നിയമ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനും ചെയ്ത പൊടിക്കൈകൾ മാത്രം). മലപ്പുറത്ത് ലീഗ് വോട്ട് കൂടുതലുള്ളതുകൊണ്ട് ആരെങ്കിലും വിഭജനം എന്ന് പറയുമ്പോഴേക്കും, അതെല്ലാം ആ പാർട്ടിയുടെ തലയിൽ കെട്ടിവെക്കേണ്ട. അതെല്ലാം അനിയോജ്യമായ സമയത്ത് അതിന്റേതായ ആളുകൾ വ്യക്തമായ ഉത്തരം കൊടുത്തിട്ടുമുണ്ട് (പ്രത്യേകിച്ച് K.N.A. ഖാദർ സാഹിബ് പണ്ട് പറഞ്ഞത് കുത്തിപ്പൊക്കുന്നവരോട്). എന്തായാലും, ഞാനിന്നലെ എത്ര ശ്രമിച്ചിട്ടും എന്റെ ചോദ്യത്തിന് ഒരു വ്യക്തമായ മറുപടി കിട്ടിയില്ല, ഇനി കിട്ടുമെന്ന് പ്രതീക്ഷയുമില്ല. കാരണം, കാലാ കാലങ്ങളായി വോട്ടിനു വേണ്ടി പരസ്പരം പഴിചാരി എല്ലാ രാഷ്ട്രീയക്കാരും ഉപയോഗിക്കുന്ന ഒന്നാണ് ഇതെല്ലാം. എന്തായാലും ലീഗിന് ഇടതുപക്ഷത്തേക്കാൾ, സർവോപരി CPM നേക്കാൾ വ്യക്തമായ കാഴ്ചപ്പാടുകളും ആശയ-ആദർശങ്ങളും നല്ല നേതാക്കളും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന കാലത്തോളം എന്റെ തീരുമാനം മാറ്റാൻ എനിക്ക് താല്പര്യമേയില്ല. പിന്നെ ഞമ്മള് എപ്പളും ഇബടെത്തന്നെ ഇണ്ടാകും ഭായ് 🙂